Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫണം വിരിച്ചാടുന്നു, വർഗീയതയുടെ വിഷസർപ്പങ്ങൾ; ചില കേരളപ്പിറവി ദിനചിന്തകൾ

ഒരു കേരളപ്പിറവി കൂടി  പദം പദം ഉറച്ച് പാരിൽ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരെ ഒരിക്കൽ കൂടി നാം സ്മരിക്കുകയാണ്.  സമൂഹത്തിൽ ജാതിപരമായും ലിംഗപരമായും മതപരമായും വർഗപരമായും മറ്റും ഒരുപാട് വൈജാത്യങ്ങൾ നിലനിൽക്കുമ്പോഴും മലയാളി എന്ന നിലയിൽ ഐക്യപ്പെടുക, ആ സ്വത്വത്തിനു മുന്നിൽ വൈജാത്യങ്ങൾ നിലനിൽക്കുമ്പോഴും തുല്യരാവുക എന്ന സ്വപ്‌നമാണല്ലോ കേരളപ്പിറവിയിലേക്കു നയിച്ചത്. എന്നാൽ ആ സ്വപ്‌നങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന പരിശോധന ഈ സന്ദർഭത്തിൽ വളരെ പ്രസക്തമായിരിക്കും.
തീർച്ചയായും മലയാളി എന്ന സ്വത്വബോധത്തിൽ കേരളം എന്നു വിവക്ഷിക്കപ്പെടുന്ന പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുമോ എന്ന ചോദ്യം തള്ളിക്കളയാവുന്നതല്ല. കേരളീയത എന്നത് ആത്യന്തികമായി സവർണ സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വിമർശനം മുമ്പേ നിലനിൽക്കുന്നുണ്ട്. അത്തരമൊരു പ്രവണതയാകട്ടെ സമീപകാലത്തായി രൂക്ഷമായിരിക്കുകയാണ്. 
മഹാന്യൂനപക്ഷം വരുന്ന സവർണ വിഭാഗങ്ങളുടെ സംസ്‌കാരവും ജീവിതശൈലിയും വസ്ത്രധാരണവും ഭക്ഷണവുമൊക്കെയാണ് കേരളീയമെന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുന്നത് എന്നതൊരു വസ്തുത തന്നെയാണെന്നു പറയേണ്ടിവരും. 
മാത്രമല്ല, മലയാള ഭാഷയാണ് കേരളീയ സ്വത്വബോധത്തിന്റെ അടിസ്ഥാനമെങ്കിൽ മറ്റു ഭാഷകൾ സംസാരിക്കുന്ന ആദിവാസികളടക്കമുള്ള എത്രയോ ജനവിഭാഗങ്ങൾ ഇവിടെയുണ്ട്, അവർക്കും അവരുടെ ഭാഷകൾക്കും സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇത്തരം പ്രസക്തമായ ചോദ്യങ്ങൾ ഉത്തരം കണ്ടെത്തേണ്ടവ തന്നെയാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട വിഷയമാണ് ഈ കുറിപ്പിൽ പ്രധാനമായും ചൂണ്ടിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്റെയും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ആ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കല്ല പോകുന്നത്, അതിനോടുള്ള പ്രതികരണങ്ങളിലേക്കാണ്. ആ സ്‌ഫോടന വാർത്ത കേട്ടയുടാൻ മിക്കവാറും മലയാളികൾ ചിന്തിച്ചത് ഏതു വിധേനയായിരിക്കും? പ്രധാനമായും അത് മൂന്നു തരത്തിലായിരിക്കും എന്നു കരുതാം. 
എല്ലാവരും തന്നെ ആകാംക്ഷയോടെ കാത്തിരുന്നത് പ്രതിയുടെ/പ്രതികളുടെ പേരിനെ കുറിച്ചായിരുന്നിരിക്കണം. അത് തങ്ങളുടെ മതവിഭാഗത്തിൽ പെട്ട പേരാവരുതേയെന്ന് ഒരു വിഭാഗം പ്രാർത്ഥിച്ചിരിക്കണം. 
മറ്റൊരു വിഭാഗവും  അത് ആ  മതവിഭാഗത്തിൽ പെട്ട പേരാവരുതേ എന്നു പ്രാർത്ഥിച്ചിരിക്കും. മൂന്നാമത്തെ വിഭാഗമാകട്ടെ, ആ പേർ ആ വിഭാഗത്തിൽ പെട്ടയാളുടെ പേരാകണമെന്നു ആഗ്രഹിച്ചിരുന്നിരിക്കണം. 
നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടന്നുപോയാൽ മാത്രം മതി, ഈ മൂന്നു വിഭാഗങ്ങളിൽ പെട്ടവരെയും ധാരാളം കാണാം. 
ഈ കേരളപ്പിറവി ദിനത്തിൽ നാം പരിശോധിക്കേണ്ട ഏറ്റവും ഗുരുതരമായ വിഷയമാണിത്. മറ്റെല്ലാ വൈജാത്യങ്ങൾക്കും മീതെ മലയാളി എന്ന ബോധം സൃഷ്ടിക്കപ്പെടണമെന്നാഗ്രഹിച്ചവരുടെ സ്വപ്‌നങ്ങൾ ഇന്നെവിടെ? ഒരു വിഭാഗത്തെ എപ്പോഴും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയാണോ കേരളപ്പിറവി ആഘോഷിക്കേണ്ടത്? ഈ മുൾമുനയിൽ നിർത്തുന്നത് ഒരു ചെറിയ വിഭാഗം വർഗീയവാദികളാണെന്ന ധാരണ തെറ്റാണ്. പരസ്യമായി വർഗീയ വാദികളോ അവർക്കൊപ്പമോ അല്ല എന്നവകാശപ്പെടുന്നവരിൽ പോലും വലിയൊരു വിഭാഗം ഇത്തരം ചിന്താഗതി കൊണ്ടു നടക്കുന്നവരാണ് എന്നതാണ്. അവരിൽ എല്ലാ ജാതി, മത, വർഗ, ലിംഗ, സാമൂഹിക, രാഷ്ട്രീയ വിഭാഗങ്ങളും ഉണ്ടെന്നതാണ് വസ്തുത. പുരോഗമന, ഇടത്, ലിബറലുകളെന്ന മുഖംമൂടി വെച്ചവർ പോലും സ്വകാര്യമായി വെച്ചുപുലർത്തുന്ന ബോധം ഇതു തന്നെയാണ്. അത്രമാത്രം ഇസ്‌ലാമോഫോബിക് ആയി നാം മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. 
എന്നിട്ടാണ് പതിവുപോലെ ഐക്യകേരളത്തെ കുറിച്ചുള്ള വാചാടോപങ്ങൾ നടത്തുന്നതും സർക്കാർ തന്നെ കൊട്ടിഘോഷിച്ച് കോടികൾ മുടക്കി വലിയ കേരളീയങ്ങൾ സംഘടിപ്പിക്കുന്നതും. ആ ആഘോഷങ്ങളാകട്ടെ തുടക്കത്തിൽ സൂചിപ്പിച്ച പോലെ കേരളീയത എന്നാൽ സവർണതയെന്ന് ഉദ്‌ഘോഷിക്കുന്നതാണുതാനും.
ബോംബ് നിർമാണം കൂടുതൽ നടക്കുന്നത് കണ്ണൂരിലായിട്ടും മലപ്പുറത്തു പോയാൽ ബോംബ് കിട്ടാൻ എളുപ്പമാണെന്ന ഡയലോഗ് ഏറെ കൈയടി നേടി. മറുവശത്ത്,  മഹാഭൂരിഭാഗം നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നത് സി.പി.എമ്മിൽ നിന്നാണ് എന്നതു മറച്ചുവെച്ചാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് സി.പി.എമ്മടക്കമുള്ള പല പ്രസ്ഥാനങ്ങളും ആരോപിക്കുന്നത്. 
കേരളീയ സമൂഹത്തിനു മുന്നിൽ ഏറ്റവും വലിയ ഭീഷണിയായ ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കാതെ നടക്കുന്ന ഏതൊരു അവകാശവാദവും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല. ഇതിനുള്ള മറുപടിയായി ബി.ജെ.പി കേരളത്തിൽ വിജയിക്കുന്നില്ലല്ലോ എന്ന വാദവും അപകടകരമാണ്.

Latest News