Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാടിന്റെ കുതിപ്പിന് 'കേരളീയത' ഒരു വികാരമാവണം

ഈ 68ാം കേരളപ്പിറവി വേളയിൽ സംസ്ഥാനം ഒരു പുതിയ ചുവടുവെക്കുകയാണ്, 'കേരളീയം 2023''. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാനും ലോകത്തോട് വിളിച്ചു പറയുവാനുമുള്ള ഒരവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും.  
ഭാഷാടിസ്ഥാനത്തിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറ പാകുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഐക്യകേരളം രൂപീകൃതമാകുന്നതിന് ചുക്കാൻ പിടിച്ചിട്ടുണ്ട്. ഐക്യകേരളത്തിന്റെ സൃഷ്ടിക്ക് കാരണമായ മുന്നേറ്റങ്ങളുടെ പാരമ്പര്യവും തുടർച്ചയും അവകാശമായിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരള സൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ടു പോകുന്ന ഘട്ടമാണിത്. ഈയൊരു സവിശേഷ ഘട്ടത്തിൽ തന്നെയാണ് കേരളത്തിന്റെ മഹോത്സവമായ കേരളീയം ആരംഭിക്കുന്നതും. അതിൽ ഒരു കാവ്യഭംഗിയുണ്ട്. 
കേരളം ഭൂമിയിലെ തന്നെ അത്യപൂർവ ദേശമാണ്. ഈ അപൂർവത ലോകം മുഴുവൻ സഞ്ചരിച്ചവർ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാർത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽവിലാസമായത് അങ്ങനെയാണ്. 
പല ദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകൾ ഒരുമിച്ച് ഈ നാട്ടിൽ സമ്മേളിക്കുന്നത് അത്യപൂർവതയല്ലാതെന്താണ്? ദേശസൗന്ദര്യം കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷം കൊണ്ടും നാം മലയാളികൾ വ്യതിരിക്തരാണ്. 
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികൾ ഏറെയുള്ള ഈ കൊച്ചുദേശം ലോക ഭൂപടത്തിൽ ഇന്ന് ഒരു മരതകക്കല്ല് പോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനെ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും നമുക്ക് ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ട് കിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസ്സഹമാക്കിയ ഇരുണ്ട കാലം. 
അവിടെനിന്നും സാമൂഹിക പരിഷ്‌കർത്താക്കളും നവോത്ഥാന, പുരോഗമന, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമ്മെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തി. സമര തീക്ഷ്ണമായ കാലം കടന്ന് നാം അവകാശങ്ങൾ നേടിയെടുത്തു. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്വം മനസ്സിലാക്കാനും ആ സാമൂഹിക മുന്നേറ്റങ്ങൾ നമ്മെ സഹായിച്ചു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസന നയം നടപ്പാക്കാനും ആ വികസനത്തിന്റെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുവാനും നമുക്ക് കഴിഞ്ഞു. 
അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗ തുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണ നിർവഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്. 
കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ''കേരളീയം-2023''. കേരളപ്പിറവി ദിനമായ ഇന്നു മുതൽ ഒരാഴ്ചയാണ് കേരളീയം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുക. കേരളപ്പിറവി ദിനാഘോഷങ്ങളും അതോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ഭാഷ വാരാചരണങ്ങളുമൊക്കെ നമുക്കു പരിചിതമാണ്. എന്നാൽ അത്തരം പതിവു പരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെയാകെ ശ്രദ്ധ നമ്മുടെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമാണ് കേരളീയം. എല്ലാ വർഷവും അതതു വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.
സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ കേരളീയത്തിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. നമ്മുടെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും. 
കേരള സമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ കേരളീയത്തിലേക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് അതിപ്രഗത്ഭർ എത്തും. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യവും വൈദഗ്ധ്യവും നമുക്ക് പ്രയോജനപ്പെടും. അവർ തിരികെപ്പോയി കേരളത്തെക്കുറിച്ച് അവരുടെ നാടുകളിൽ പറയുന്നത്, എഴുതുന്നത് കേരളത്തിന്റെ ഭാവിക്ക് വളരെയധികം പ്രയോജനപ്പെടും.

കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ''കേരളീയം-2023''. കേരളപ്പിറവി ദിനമായ ഇന്നു മുതൽ ഒരാഴ്ചയാണ് കേരളീയം നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുക. കേരളപ്പിറവി ദിനാഘോഷങ്ങളും അതോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ഭാഷാ വാരാചരണങ്ങളുമൊക്കെ നമുക്കു പരിചിതമാണ്. എന്നാൽ അത്തരം പതിവു പരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെയാകെ ശ്രദ്ധ നമ്മുടെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമാണ് കേരളീയം.

ലോകം ശ്രദ്ധിച്ച കേരള വികസന മാതൃകയുടെ നേട്ടങ്ങളിൽ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മൾ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിർമിത ബുദ്ധിയും മെഷീൻ ലേണിംഗുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ ഘട്ടത്തിലാണ് കേരളം ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി പരിണമിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സവിശേഷതകൾ കേരളീയത്തിൽ പ്രതിഫലിക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ കേരളീയം ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക് എത്തുക എന്ന കേരളത്തിന്റെ ലക്ഷ്യത്തിന് അത് ഊർജം പകരും. 
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്ന കാലം കൂടിയാണിത്. ഇത് ഓരോ കേരളീയനും വേദനാജനകമാണ്. യഥാർത്ഥ കേരളത്തെ ലോകസമക്ഷം ഉയർത്തിക്കാട്ടുക എന്നതാണ് ഇതിനുള്ള മറുപടി. മതനിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി, നമ്മുടെ സാമുദായിക സൗഹൃദം തകർത്ത് ഇവിടേക്ക് വർഗീയതയുടെ വിഷം കുത്തിെവയ്ക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാർഗവും യഥാർത്ഥ കേരളത്തെ അവതരിപ്പിക്കലാണ്. അതിനുള്ള ഉത്തമ മാർഗം കൂടിയാണ് കേരളീയം.
നവകേരള നിർമിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാർന്ന കാലവും കടന്ന് കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും. ആരും വിശന്നിരിക്കാത്ത, ഒരാൾക്കു മുന്നിലും നീതിയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെടാത്ത, സുരക്ഷിത ഭവനവും വിദ്യാഭ്യാസ സൗകര്യങ്ങളുമുള്ള, മികച്ച ചികിത്സ സൗകര്യങ്ങളുള്ള, അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവുമുള്ള, ജീവിത വിഭവങ്ങൾ തുല്യമായി പങ്കുവെക്കപ്പെടുന്ന, അഴിമതിരഹിതമായ, പൗരബോധമുള്ള ജനതയാൽ പരിരക്ഷിക്കപ്പെടുന്ന ഒരു നവകേരളമാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്.  
കേരളത്തിന്റെ പരിമിതികളെയും പരാധീനതകളെയും കുറിച്ച് വിലപിച്ചിരുന്ന പലരും കേരളത്തിന് പലതും സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണ് കടന്നുപോവുന്നത്. പ്രതിസന്ധികളെ സമർത്ഥമായി മറികടന്ന് മുന്നേറുന്ന പരിഷ്‌കൃത സമൂഹമായി മാറാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാൻ വക നൽകുന്ന ഈ മാറ്റം നമുക്ക് തുടരാനാകണം. നമ്മുടെ നാടിനെക്കുറിച്ച് അഭിമാനിക്കുന്ന, ഈ നാടിന്റെ കുതിപ്പിന് ഒത്തൊരുമിച്ച് കരുത്ത് പകരുന്ന നമ്മുടെ ''കേരളീയത'' ഒരു വികാരമാവണം. ആ വികാരത്തിൽ കേരളീയരാകെ ഒരുമിക്കണം. 
എല്ലാവർക്കും  കേരളപ്പിറവി ആശംസകൾ.

Latest News