വനിതാ ലോകകപ്പ് ഹോക്കിയില്‍ അയര്‍ലന്റിന്റെ കുതിപ്പ് ഏവരെയും അമ്പരപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെയും സെമി ഫൈനലില്‍ സ്‌പെയിനിനെയും മുട്ടുകുത്തിച്ച അയര്‍ലന്റ് ഒടുവില്‍ നെതര്‍ലാന്റ്‌സിന്റെ കരുത്തിനു മുന്നിലാണ് വീണത്.
ഡോക്ടര്‍മാരും അഭിഭാഷകരുമൊക്കെയടങ്ങുന്ന സെമി പ്രൊഫഷനലുകളാണ് അയര്‍ലന്റ് ഹോക്കി ടീമില്‍. അതില്‍ എലേ ടൈസ് എന്ന ഇരുപതുകാരിയുടെ കഥ ആരെയും അമ്പരപ്പിക്കും.
പതിമൂന്നാം വയസ്സില്‍ അയര്‍ലന്റിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റ് കളിച്ചിരുന്നു ടൈസ്. ലോക ക്രിക്കറ്റിലെ തന്നെ പ്രായം കുറഞ്ഞ കളിക്കാരികളിലൊരാളായി. 18 തികയും മുമ്പെ അയര്‍ലന്റ് ഹോക്കി ടീമില്‍ അംഗമായി. 16 വര്‍ഷത്തിനു ശേഷം അയര്‍ലന്റ് ഹോക്കി ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ടൈസും ടീമിലുണ്ടായിരുന്നു. വെള്ളി മെഡല്‍ അയര്‍ലന്റിന്റെ ഏറ്റവും മികച്ച പ്രകടനമാണ്.
ഡബ്‌ലിന്‍ യൂനിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് വിദ്യാര്‍ഥിനി രണ്ട് കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അപൂര്‍വം കളിക്കാരിലൊരാളാണ്. വനിതാ ക്രിക്കറ്റ് താരങ്ങളായ ആലിസ് പെറി (ഫുട്‌ബോള്‍), സൂസി ബെയ്റ്റ്‌സ് (ബാസ്‌കറ്റ്‌ബോള്‍), സോഫി ഡേവിനെ (ഹോക്കി) തുടങ്ങിയ കളിക്കാരികളും രണ്ട് കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടൈസ് നന്നായി ബെയ്‌സ്‌ബോളും കളിക്കും. ഫുട്‌ബോള്‍, അശ്വാഭ്യാസം, ഇക്വസ്ട്രിയന്‍ എന്നിവയിലും മിടുക്കിയാണ്. ടൈസിന്റെ സഹോദരന്‍ പാട്രിക് കാംബ്രിജ് യൂനിവേഴ്‌സിറ്റിയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനാണ്. മറ്റൊരു സഹോദരന്‍ ഡാല്‍റ്റന്‍ റഗ്ബി താരവും.