ഇംഗ്ലിഷ് ഫുട്‌ബോള്‍ സീസമിന് തുടക്കമായെങ്കിലും ലോകകപ്പിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ട തിബൊ കോര്‍ട്‌വയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഞായറാഴ്ച കമ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സി ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുമ്പോള്‍ കോര്‍ട്‌വ ഉണ്ടാവേണ്ടതായിരുന്നു. ലോകകപ്പ് കളിച്ച എഡന്‍ ഹസാഡും എന്‍ഗോലൊ കോണ്ടെയുമൊക്കെ ടീമിനൊപ്പം ചേര്‍ന്നെങ്കിലും കോര്‍ട്വ വിട്ടുനില്‍ക്കുകയാണ്.
ക്ലബ്ബുമായി ഉടക്കി റയല്‍ മഡ്രീഡിലേക്കുള്ള ട്രാന്‍സ്ഫര്‍ എളുപ്പമാക്കാനുള്ള ശ്രമത്തിലാണ് ഇരുപത്താറുകാരന്‍. റയലിലേക്ക് പോവാനാണ് താല്‍പര്യമെന്ന് ബെല്‍ജിയംകാരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ചെല്‍സി അറിഞ്ഞ ഭാവം നടിച്ചിരുന്നില്ല. കുടുംബപരമായ കാരണങ്ങളാലാണ് കോര്‍ട്വ മഡ്രീഡിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതെന്ന് ഏജന്റ് പറഞ്ഞു.
കോര്‍ട്‌വ നേരത്തെ ചെല്‍സിയില്‍ നിന്ന് ലോണില്‍ അത്‌ലറ്റിക്കൊ മഡ്രീഡിന് കളിച്ചിരുന്നു. അവിടെ വെച്ച് മാര്‍ത ഡോമിംഗസിനെ പരിചയപ്പെടുകയും 2015 ല്‍ മകള്‍ അഡ്രിയാന പിറക്കുകയും ചെയ്തു. മകന്‍ നിക്കൊളാസിനെ ഗര്‍ഭം ധരിച്ച അവസ്ഥയില്‍ മാര്‍തയുമായി 2017 ല്‍ കോര്‍ട്‌വ വേര്‍പിരിഞ്ഞു. പിറ്റേ മാസമാണ് നിക്കൊളാസ് ജനിച്ചത്. വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ക്കു വേണ്ടി ഇരുവരും സൗഹൃദം തുടരുന്നു. കുടുംബത്തോടൊപ്പം നില്‍ക്കാനാണ് കോര്‍ട്‌വ റയലിലേക്കുള്ള കൂടുമാറ്റം ആഗ്രഹിക്കുന്നതെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി.