മസ്‌കത്ത് - ഒമാന്‍ ശൂറാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് വന്‍ തോല്‍വി. 90 അംഗങ്ങള്‍ അടങ്ങിയ കൗണ്‍സിലിലേക്ക് മത്സരിച്ച വനിതകളില്‍ ഒരാള്‍ പോലും വിജയിച്ചില്ല. പത്താമത് ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 65.88 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ദഫാര്‍ ഗവര്‍ണറേറ്റില്‍ വോട്ടിംഗ് ശതമാനം 98 ശതമാനമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ വനിതകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പില്‍ 61 അംഗങ്ങള്‍ പുതുതായി ശൂറാ കൗണ്‍സില്‍ അംഗങ്ങളായി വിജയിച്ചു. വിജയിച്ചവരില്‍ 64 ശതമാനവും പുതിയ അംഗങ്ങളാണ്. 32 വനിതകള്‍ അടക്കം 843 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആകെ വോട്ടര്‍മാര്‍ 7,53,690 ആയിരുന്നു. ഇക്കൂട്ടത്തില്‍ 4,96,279 പേര്‍ വോട്ടുരേഖപ്പെടുത്തി. വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, സ്ഥാനാര്‍ഥികളുടെ രജിസ്‌ട്രേഷന്‍, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, വോട്ടെടുപ്പ്, അപ്പീല്‍ നല്‍കല്‍ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പ്രക്രിയകളും ആപ്പ് വഴി ഓണ്‍ലൈന്‍ ആയാണ് നടന്നത്.