കണ്ണൂര്‍- ബാങ്ക് ജീവനക്കാരി ആണെന്ന വ്യാജേന യുവാവിനെ വിളിച്ച് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 2,70,000 രൂപ. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രൂപാലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ യുവാവിന്റെ നമ്പറിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് വിളിച്ചത്. യുവാവിന് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ക്യാന്‍സല്‍ ചെയ്യണമെന്നും അവരോട് പറഞ്ഞപ്പോള്‍ അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം യുവാവിന്റെ ഫോണിലേക്ക് വന്ന ഒ. ടി.പി പറഞ്ഞുകൊടുത്തു. തുടര്‍ന്നാണ് യുവാവിന് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.
അതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിക്കുകയും നഷ്ടപ്പെട്ട തുക ക്ലീയര്‍ ചെയ്യുവാന്‍ ഒ.ടി.പി പറഞ്ഞു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം യുവാവ് വീണ്ടും ഒ.ടി.പി പറഞ്ഞു കൊടുത്തു. പിന്നീട് അക്കൗണ്ടില്‍ നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോള്‍ അത് ഭാവിയില്‍ ഉപയോഗിക്കാമെന്നായിരുന്നു മറുപടി. ആ തുക ഇപ്പോള്‍ വെണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ക്ലീയര്‍ ചെയ്യാന്‍ അടുത്ത ഒരു ഒ ടി പി കൂടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 2,70,000 രൂപ നഷ്ടമായത്.