നെടുമ്പാശ്ശേരി- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വീസ് നാളെ (നവംബര്‍ 1) മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് മാറുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
അബുദാബിയില്‍നിന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ 31 ആയി വര്‍ദ്ധിപ്പിക്കും.
56 വിമാനങ്ങളുമായി, 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 300ലധികം സര്‍വീസ് നടത്തുന്നുണ്ട്.
നിര്‍മ്മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനലാണ് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍ എ. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെര്‍മിനലിന്. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണത്തിന്റെ ഭാഗമാണ് അല്‍ മതാര്‍ ഏരിയായിലെ ഈ അത്യാധുനിക ടെര്‍മിനല്‍. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് ഇ10 വഴി പുതിയ ടെര്‍മിനലില്‍ എത്തിച്ചേരാനാകും.
പുതിയ ടെര്‍മിനല്‍ എയില്‍ പാസ്‌പോര്‍ട്ട് സ്‌കാനിംഗ്, ഐ സ്‌കാനിംഗ് സൗകര്യങ്ങളുള്ള 34 ഇഗേറ്റുകളും 38 ഇമിഗ്രേഷന്‍ കൗണ്ടറുകളും യാത്രക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും പുതിയ ടെര്‍മിനലില്‍ നടപ്പാക്കും.
പുതിയ ടെര്‍മിനലില്‍ 160 ഷോപ്പുകളും ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളും ഉണ്ടാകും. ആകെ 35,000 ചതുരശ്ര മീറ്റര്‍ റീട്ടെയില്‍ സ്‌പെയിസ്. വൈവിധ്യമാര്‍ന്ന ഷോപ്പിംഗ്, ഡൈനിംഗ് അവസരങ്ങളാണ് അതിഥികളുടെ യാത്രാ അനുഭവത്തെ മെച്ചപ്പെടുത്താനായി വാഗ്ദാനം ചെയ്യുന്നത്.