ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന ബഹുമതി നേടിയ ഇസ്സാം അല്‍ഹദരി സൗദി അറേബ്യയോട് വിട ചൊല്ലി. സൗദി പ്രൊഫഷനല്‍ ലീഗില്‍ അത്തആവുന്റെ ഗോള്‍കീപ്പറായ അല്‍ഹദരി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങി. സൗദി ലീഗിലെ പ്രഥമ വിദേശ ഗോള്‍കീപ്പറായിരുന്നു. ആഫ്രിക്കയിലെ മികച്ച ആറാമത്തെ കളിക്കാരനായി ബ്ലീച്ചര്‍ റിപ്പോര്‍ട്ട് അല്‍ഹദരിയെ തെരഞ്ഞെടുത്തിരുന്നു. 2017 ലാണ് സൗദി ലീഗില്‍ അത്തആവുനില്‍ ചേര്‍ന്നത്.
അല്‍ഹദരിയുടെ അവസാന മത്സരം ലോകകപ്പില്‍ സൗദിക്കെതിരെയായിരുന്നു എന്നത് കൗതുകമായി. അല്‍ഹദരി പെനാല്‍ട്ടി തടുത്തെങ്കിലും സൗദി മത്സരം ജയിച്ചു. 1996 ല്‍ ഈജിപ്ത് കുപ്പായത്തില്‍ അരങ്ങേറിയ നാല്‍പത്തഞ്ചുകാരന്‍ നാലു തവണ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിന്റെ ഗോള്‍മുഖത്തുണ്ടായിരുന്നു. 159 മത്സരങ്ങള്‍ കളിച്ചു.
അത്തആവുനോട് വിടപറഞ്ഞ അല്‍ഹദരി ഈജിപ്തിലെ ഇസ്മായിലി ക്ലബ്ബില്‍ കളി തുടരാന്‍ സാധ്യതയുണ്ട്.