ന്യൂദല്‍ഹി- ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ 28 ശതമാനം പേര്‍ക്കും രക്താതിസമ്മര്‍ദ്ദമുണ്ടെന്ന കണ്ടെത്തല്‍. മുതിര്‍ന്ന 1.7 ദശലക്ഷം പേരിലാണ് പഠനം നടത്തിയത്.
രക്താതിസമ്മര്‍ദ്ദം കണ്ടെത്തിയവരില്‍ 63 ശതമാനം പേരും തങ്ങള്‍ ഇത്തരമൊരു അവസ്ഥയുള്ളവരാണെന്ന് അറിയുന്നവരല്ല. മാത്രമല്ല രക്താതിസമ്മര്‍ദ്ദമുള്ള 90 ശതമാനം പേരും ഈ അവസ്ഥ കൃത്യമായി നിര്‍ണ്ണയിപ്പെടാത്തവരും കൃത്യമായി മരുന്നുകള്‍ കഴിക്കാത്തവരുമാണ്. ഇവര്‍ക്ക് മരുന്നുകളോ ജീവിതശൈലി മാറ്റങ്ങളോ വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്തവരുമാണ്.
ഇന്ത്യയിലെ നഗരങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് രക്താതിസമ്മര്‍ദ്ദത്തിന്റെ നിരക്ക് ഉയരത്തിലുള്ളത്. കേരളം, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ രക്താതിസമ്മര്‍ദ്ദത്തിന്റെ നിരക്ക് 40 ശതമാനം വരെ വ്യാപകമാണെന്നാണ് പഠനം പറയുന്നത്.
മുതിര്‍ന്നവരില്‍ 63 ശതമാനം പേര്‍ക്ക് തങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഉയര്‍ന്നതാണെന്ന് അറിയില്ലെന്നതിന് പുറമേ 82 ശതമാനം രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഒരു മരുന്നുപോലും കഴിക്കാത്തവരും 91 ശതമാനം രതസമ്മര്‍ദ്ദം മതിയായ നിരക്കില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധികാത്തവരുമാണ്.
രക്താതിസമ്മര്‍ദ്ദത്തിന്റെ നിരക്കുകളും പരിചരണമില്ലായ്മയും വലിയ ആരോഗ്യ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുകയെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എപിഡെമിയോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജീമോന്‍ പനീയമാക്കലിന്റെ അഭിപ്രായം. രക്താതിസമ്മര്‍ദ്ദത്തെ കണ്ടെത്തി തുടര്‍ ചികിത്സകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ മരണനിരക്ക് വളരെയധികം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മരണങ്ങളില്‍ 12 മുതല്‍ 18 ശതമാനം വരെ കാരണമാകുന്നത് രക്താതിസമ്മര്‍ദ്ദമാണ്. പക്ഷാഘാതം, ഹൃദയാഘാതം എന്നിവയാണ് രക്താതിസമ്മര്‍ദ്ദത്തിന്റെ ഫലമായി മരണ നിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രക്താതിസമ്മര്‍ദ്ദത്തിന്റെ നിരക്ക് ഉയര്‍ന്നതായും 2030- 35 കാലഘട്ടത്തില്‍ ഓരോ വര്‍ഷവും രണ്ട് ദശലക്ഷം വരെ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. ജീമോന്‍ അഭിപ്രായപ്പെട്ടു. മരണം സംഭവിക്കുന്നതിനപ്പുറം ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സാമ്പത്തികനഷ്ടവും തുടര്‍ ചികിത്സക്കുള്ള ചെലവും താങ്ങാന്‍ വലിയ പ്രയാസമായിരിക്കും.