ദോഹ- ഇസ്രായിലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ബന്ദിക്കളാക്കിയവരില്‍ 22 പേര്‍ തായ്‌ലന്‍ഡ് സ്വദേശികളാണ്. ഇവരുടെ ഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച ഖത്തറിലെത്തി. ചര്‍ച്ചകള്‍ക്കായി തായ്‌ലന്‍ഡ് മന്ത്രി ഈജിപ്തും സന്ദര്‍ശിക്കുന്നുണ്ട്. ഹമാസ് 241 പേരെയാണ് തടവിലാക്കിയതെന്നും ഇവരില്‍ വിവിധ രാജ്യക്കാരുമുണ്ടെന്നാണ് ഇസ്രായില്‍ വ്യക്തമാക്കുന്നത്.
ഗാസയില്‍ തടവിലാക്കപ്പെട്ടവരില്‍ 22 പേര്‍ തായ്‌ലന്‍ഡ് പൗരന്മാരാണെന്ന് ബാങ്കോക്കിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലന്‍ഡ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ തന്റെ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ പറഞ്ഞു.
ഖത്തര്‍ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും കണ്ട ശേഷം തായലന്‍ഡ് വിദേശമന്ത്രി പര്‍ണ്‍പ്രീ ബഹിദ്ധനുകാര ബുധനാഴ്ച ഈജിപ്ത് വിദേശമന്ത്രിയുമായി ചര്‍ച്ച നടത്തും.
ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഖത്തര്‍ സജീവമായുണ്ട്. 30,000 തായ്‌ലന്‍ഡുകാരാണ് ഇസ്രായിലില്‍ ജോലി ചെയ്യുന്നത്.