കോഴിക്കോട്- സമസ്ത കേരള ജംയ്യത്തുൽ ഉലമ സംസ്ഥാന അടിസ്ഥാനത്തിൽ പ്രാർഥനാ സമ്മേളനം നടത്തിയാൽ ആളുകളെ ഉൾക്കൊള്ളാൻ കോഴിക്കോട് കടപ്പുറത്തിന് കഴിയില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രാർഥനയാണ് ആവശ്യമെന്നും പ്രസംഗമല്ലെന്നും കോഴിക്കോട് നടത്തിയ പ്രാർത്ഥനാ സമ്മേളനത്തിൽ മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഒരുപാട് പ്രസംഗങ്ങളല്ല ആവശ്യം, പ്രാർഥനയാണ്. സമസ്ത കേരള ജംയ്യത്തുൽ ഉലമ കേരള അടിസ്ഥാനത്തിൽ ഇതുപോലൊരു പ്രാർഥനാ സമ്മേളനം നടത്തുകയാണെങ്കിൽ അതിന് ഈ കോഴിക്കോട് കടപ്പുറം മതിയാവില്ല. അതുകൊണ്ടാണ് ഓരോ ജില്ലയിൽ ഒതുക്കാൻ കാരണം. ബസ് സമരം ആയിട്ടുപോലും ജനങ്ങൾ പലഭാഗങ്ങളിൽനിന്നെത്തിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കുറേ പ്രകടനം നടത്തിയോ ആളുകൂടിയെന്ന് കാണിച്ചുകൊടുത്താൽ മാത്രമേ ഫലസ്തീൻ പ്രശ്‌നം പരിഹാരം ആവുമെന്ന് തോന്നുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യംപ്രാർഥനയാണ്. എല്ലാ രാജ്യങ്ങളിലും ഗ്രാമങ്ങളിലും ആവശ്യം സമാധാനമാണ്. ജനങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത്. ചുരുക്കം ചില ആളുകൾ മാത്രമേ അക്രമത്തെയും മർദ്ദനത്തേയും ഇഷ്ടപ്പെടുകയുള്ളൂ.