തിരുവനന്തപുരം- മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകളും ടാക്‌സികളും ഓട്ടോകളും പണിമുടക്കിയതോടെ ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളും ഓടുന്നില്ല. സ്‌കൂളുകളിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങളും പണി മുടക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്കു മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. പലയിടത്തും സ്വകാര്യ സ്‌കൂളുകള്‍ അവധി പ്രഖ്യാപിച്ചു. അതേസമയം സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങുന്നുണ്ട്. കടകമ്പോളങ്ങളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നഗരങ്ങളില്‍ പതിവു തിരക്കില്ല. ചൊവ്വാഴ്ച അര്‍ധ രാത്രിവരെയാണ് പണിമുടക്ക്.
പ്രധാനമായും കെ.എസ.ആര്‍.ടി.സി ബസുകളെ ആശ്രയിക്കുന്ന തിരുവനന്തപുരത്ത് പണിമുടക്ക് പൂര്‍ണമാണ്. ട്രെയനുകളില്‍ വന്നിറങ്ങിയ നിരവധി യാത്രക്കാര്‍ നഗരത്തില്‍ കുടുങ്ങി. കൊച്ചിയില്‍ മെട്രോ സര്‍വീസ് മാത്രമാണ് ആശ്രയം. കോഴിക്കോട്ടും ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. പലയിടത്തും ഇരുചക്ര വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും മാത്രമാണ് ആശ്രയം.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക, ഇന്ധവില വര്‍ധന നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യമൊട്ടാകെ വാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നത്. ബി.ജെ.പിയുടെ ട്രേഡ് യൂണിയനായ ബി.എം.എസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.