Sorry, you need to enable JavaScript to visit this website.

സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എം.എൽ.എയ്ക്ക് തടവും പിഴയും

കാസർകോട് - ഡെപ്യൂട്ടി തഹസിൽദാറെ മർദ്ദിച്ചുവെന്ന കേസിൽ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം അഷ്‌റഫിനെതിരേ തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ചുവെന്ന കേസിലാണ് ശിക്ഷ
  2010 നവംബർ 25നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്റെ അപേക്ഷ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ നിരസിച്ചിരുന്നു. മൈസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.
ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില തുടങ്ങിയ 35 പേർ ചുറ്റും കൂടി കസേരയിൽ നിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും എം എൽ എ പറഞ്ഞു.

Latest News