ജിദ്ദ-മക്കയിലേക്കും മശാഇറുകളിലേക്കും പ്രവേശിക്കുന്നതിന് വ്യാജ തസ്‌രീഹ് നിര്‍മിച്ച് വിതരണം ചെയ്തുവന്ന നാല് വിദേശികള്‍ ജിദ്ദയില്‍ അറസ്റ്റിലായി. ബനീ മാലികിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് അറബ് വംശജരായ സംഘം വ്യാജ തസ്‌രീഹ് കാര്‍ഡുകള്‍ അച്ചടിച്ചിരുന്നത്.
മക്കയിലേക്കുള്ള എല്ലാ റോഡുകളിലും പരിശോധന; 10 വര്‍ഷത്തേക്ക് നാടുകടത്തും
500 റിയാല്‍ എന്ന തോതിലാണ് സംഘം ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നത്. പഴുതടച്ച അന്വേഷണത്തിനൊടുവില്‍ സംഘത്തിന്റെ സങ്കേതം കണ്ടെത്തി പരിശോധിച്ച പോലീസ് ഇവിടെനിന്ന് വിതരണം ചെയ്യാന്‍ തയാറായ 1,000 തസ്‌രീഹുകളും പ്രിന്റ് ചെയ്യാനിരുന്ന 700 തസ്‌രീഹുകളും കണ്ടെടുത്തു.
കൂടാതെ, മക്കയിലേക്ക് കടക്കുന്നതിന് വ്യാജമായി നിര്‍മിച്ച 200 ഹജ് ഏജന്‍സി ഉദ്യോഗസ്ഥരുടെ കാര്‍ഡ്, ഉദ്ഹിയ ഉദ്യോഗസ്ഥരുടെ പേരില്‍ 400 കാര്‍ഡ്, ഭക്ഷണവിതരണ കമ്പനി പ്രതിനിധികളുടെ പേരില്‍ 300 കാര്‍ഡ്, 600 വളകള്‍ എന്നിവയും അന്വേഷണസംഘം പിടിച്ചെടുത്തു.
200 വ്യാജ തസ്‌രീഹുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. സമീപിക്കുന്നവരില്‍നിന്ന് ഇഖാമ കോപ്പിയും ഫോട്ടോയും സംഘം ആവശ്യപ്പെട്ടിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് ജിദ്ദ പോലീസ് അറിയിച്ചു.