- ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണ്. വിദ്വേഷ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് സ്വാഗതാർഹമാണെന്നും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നും യു.ഡി.എഫ് കൺവീനർ
കോഴിക്കോട് - ഹമാസിനെ തീവ്രവാദികളെന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഫലസ്തീനികളുടെ പോരാട്ടം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണെന്നും ഹമാസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന്റെ മനസ് ഹമാസിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. തരൂർ യു.എന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹസൻ പറഞ്ഞു. ഹമാസിനെ വിമർശിക്കുന്നവർ ഗസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലിനെ കാണുന്നില്ല. സ്വന്തം മണ്ണിനുവേണ്ടിയാണ് ഫലസ്തീനികൾ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്.
വിദ്വേഷ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് സ്വാഗതാർഹമാണ്. ഭരണകക്ഷിയിൽ പെട്ടവരും ചില വർഗീയ പരാമർശം നടത്തിയിട്ടുണ്ടെന്നും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.