സൂറിച്ച്- 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻമാറി. ഇതോടെ 2034 ലോകകപ്പ് ഫുട്‌ബോൾ സൗദി അറേബ്യയിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മണിക്കൂറുകൾക്ക് മുമ്പാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ അറിയിച്ചത്.
'ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെ പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തി. എല്ലാ ഘടകങ്ങളും പരിഗണിച്ച് - 2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു,- ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നു.
2026 ലെ വനിതാ ഏഷ്യൻ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള താൽപ്പര്യം ഫുട്‌ബോൾ അസോസിയേഷൻ ആവർത്തിച്ചു. 2034 ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. അതേസമയം, ഈ മാസം ആദ്യം 2034 ടൂർണമെന്റിനുള്ള നടപടിക്രമങ്ങൾ ഫിഫ പ്രഖ്യാപിച്ചതുമുതൽ സൗദി അറേബ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
ഫിഫയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, സൗദി അറേബ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം പുറപ്പെടുവിച്ചു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ സൗദിക്ക് പിന്തുണയും അറിയിച്ചു.
അതിനുശേഷം വിവിധ ഫെഡറേഷനുകൾ ഓസ്ട്രേലിയയുടെ അയൽരാജ്യമായ ഇന്തോനേഷ്യ ഉൾപ്പെടെയുള്ളവർ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജപ്പാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള അസോസിയേഷനുകളും സൗദിയെ പിന്തുണച്ചു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇതേ യോഗത്തെ അഭിസംബോധന ചെയ്യുകയും അംഗങ്ങൾക്കിടയിൽ 'ഐക്യത്തിന്' ആഹ്വാനം ചെയ്യുകയും ചെയ്തു. ''നിങ്ങൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്, ലോകത്തിന്റെ ഈ ഐക്യത്തിൽ നിങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിനാൽ ഇക്കാര്യത്തിൽ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷന്, ഫിഫയുടെ 211 അംഗ അസോസിയേഷനുകളിൽ 100-ലധികം അംഗങ്ങളുടെ പിന്തുണ ഇപ്പോഴുണ്ട്. ഇനി ആരെങ്കിലും ലേലത്തിന് വന്നാൽ അടുത്ത വർഷം ആതിഥേയനെ നിർണ്ണയിക്കാൻ വോട്ട് ചെയ്യും. നിലവിലെ സഹചര്യത്തിൽ പുതിയ ഒരു രാജ്യം വരാനുള്ള സാധ്യത കുറവാണ്.
.