കൊച്ചി-കളമശ്ശേരി സ്‌ഫോടനത്തെ സംബന്ധിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നെന്ന് സൂചന. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്നാണ് സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പോലീസ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലാണ്.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ ദേഷ്യപ്പെട്ടുവെന്നും ഭാര്യ മൊഴി നല്‍കിയിരുന്നു.
അടുത്ത ദിവസം രാവിലെ ഒരു സ്ഥലം വരെ പോകാനുണ്ടെന്നും അത് കഴിഞ്ഞ് പറയാമെന്നുമാണ് തന്നോട് മാര്‍ട്ടിന്‍ പറഞ്ഞതെന്നും ഭാര്യ പോലീസിനോട് പറഞ്ഞു. ഇതാണ് മറ്റൊരാള്‍ക്ക് കൂടി സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന പോലീസിന്റെ സംശയത്തിനു കാരണം.
സ്‌ഫോടനം നടന്ന ശേഷമാണ് താന്‍ ഫോണ്‍ വന്ന കാര്യം ഓര്‍ത്തതെന്നും ഭാര്യ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ തലേദിവസം വിളിച്ച ആള്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്‌ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെ മാര്‍ട്ടിന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇയാളെയും പോലീസ് ചോദ്യം ചെയ്തു. ഈ സുഹൃത്ത് തന്നെയാണോ സംഭവം നടന്നതിന്റെ തലേദിവസം മാര്‍ട്ടിനെ വിളിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാര്‍ട്ടിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.