കൊച്ചി- കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ സെഷന്‍സ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകള്‍ വെച്ച് പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.കൂടുതല്‍ പേരുടെ പങ്കാളിത്തം ഇതുവരെ കണ്ടെത്താനായിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടാകും.
അതേസമയം, കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് ആകെ 21 പേരാണെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കളമശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടര്‍മാരും നല്ല അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.