Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം അപകടം -നിഷാദ് റാവുത്തർ

പ്രമുഖ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തറിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് സാദിഖലി തുവ്വൂർ ഉപഹാരം കൈമാറുന്നു.

ജിദ്ദ- മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം ഭരണകർത്താക്കളുടെ ആശീർവാദത്തോടെ ലോകത്തെങ്ങും നടന്നുവരുന്നതായും ഇത് അപകടകരമായ പ്രവണതയാണെന്നും പ്രമുഖ മാധ്യമപ്രവർത്തകനും മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി, മാധ്യമപ്രവർത്തനം വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും മാധ്യമപ്രവർത്തകർക്ക് പലവിധ അപരനാമങ്ങൾ ചാർത്തി സമൂഹത്തിൽ മോശമായ പ്രചാരണം നടത്തുന്നവർ കേരളത്തിലുമുണ്ട്. തങ്ങളെ വിമർശിക്കാൻ പാടില്ല, തങ്ങളുടെ പാർട്ടിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ വരുന്നതും തങ്ങൾ പറയുന്നതും മാത്രമാണ് ശരി, മറ്റു മാധ്യമ വാർത്തകളെല്ലാം തെറ്റ് എന്നൊരു പ്രതീതി ഉണ്ടാക്കാനാണ് അത്തരക്കാർ ശ്രമിക്കുന്നത്. മാധ്യമപ്രവർത്തനത്തിൽ വീഴ്ചകൾ സംഭവിച്ചേക്കാം. തിരുത്തേണ്ടത് തിരുത്തുകയും വേണം. എന്നാൽ ഈ സംവിധാനം അപ്പാടെ മോശമാണ് എന്ന പ്രചാരണത്തിലൂടെ ആർക്കും ഒരു ഉത്തരവാദിത്തവും ഇല്ലാത്ത വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ പ്രചരിക്കുകയായിരിക്കും ഫലം, ഇത് ഏറെ അപകടമാണ്. സത്യസന്ധമായ വാർത്തകൾ അറിയാൻ ജനങ്ങൾ ഇപ്പോഴും ആശ്രയിക്കുന്നത് ഔദ്യോഗിക വാർത്താ മാധ്യമങ്ങളെ തന്നെയാണ്.   നിഷാദ് റാവുത്തർ പറഞ്ഞു. മാധ്യമ പ്രവർത്തനത്തിന്റെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുന്നില്ല എന്നതിന് തെളിവാണ് നിയന്ത്രണങ്ങളും പരിമിതികളും ഉള്ളപ്പോൾ തന്നെ ജനോപകാരപ്രദമായ വാർത്തകളിലൂടെ വിദേശത്ത് പ്രവാസികളായ മാധ്യമ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന സേവനം. മീഡിയവൺ ചാനലിനെതിരെ ഒരു കാരണവുമില്ലാതെ ഭരണകൂടം നടത്തിയ കടന്നാക്രമണത്തെ സുപ്രീം കോടതിയിൽ തന്നെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിധി ചാനലിന് മാത്രമല്ല നേട്ടം ഉണ്ടായത്. മറിച്ച്, ഇനിയൊരു ഭരണകർത്താക്കൾക്കും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനത്തിന് നേരെയും വാളോങ്ങാനുള്ള അവസരം തന്നെ ഇല്ലാതാക്കി എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ ആദരവ് ഫലകവും ട്രഷറർ സാബിത് സലിം മീഡിയഫോറം മാഗസിനും പുസ്തകവും നിഷാദ് റാവുത്തറിന് കൈമാറി. ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. ഫോറം അംഗങ്ങളായ അബ്ദുറഹ്മാൻ തുറക്കൽ, ഇബ്രാഹിം ശംനാട് എന്നിവർ തങ്ങളുടെ സ്വന്തം രചനകൾ അദ്ദേഹത്തിന് സമ്മാനിച്ചു. ജലീൽ കണ്ണമംഗലം, പി.എം. മായിൻകുട്ടി, കബീർ കൊണ്ടോട്ടി, എ.എം. സജിത്ത്, എം. അഷ്‌റഫ്, ഗഫൂർ കൊണ്ടോട്ടി, സമദ് കാരാടൻ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. ബിജു രാമന്തളി, പി.കെ. സിറാജ്, വഹീദ് സമാൻ, സാജിത് ഈരാറ്റുപേട്ട, ഫിർദൗസ് തുടങ്ങിയവർ സംബന്ധിച്ചു.

Latest News