പാരീസ്- ലോക ഫുട്‌ബോളിന്റെ രാജ കിരീടം ഒരിക്കൽ കൂടി ലയണൽ മെസിക്ക്. മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതും അർജന്റീനയുടെ ലിയണൽ മെസി സ്വന്തമാക്കി. ഡേവിഡ് ബെക്കാമാണ് മെസിക്ക് പുരസ്കാരം സമ്മാനിച്ചത്. ലോകകപ്പ് അടക്കമുള്ള വൻ വിജയനേട്ടങ്ങൾ സ്വന്തമാക്കിയ ഫുട്‌ബോൾ ഇതിഹാസം ഈ വർഷം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള വ്യക്തിഗത പുരസ്കാരം നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിംഗ് ഹാലന്റായിരുന്നു മെസിക്കൊപ്പം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന മറ്റൊരു തരം. ഫ്രഞ്ച് താരം കിലിയൻ എംബപ്പയും അന്തിമ പട്ടികയിലുണ്ടായിരുന്നു. അവസാന നാലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്നും മെസിക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നു.
മൈതാനത്ത് അവിസ്മരണീയ മുഹൂർത്തം തീർക്കുന്ന ഫുട്‌ബോൾ മാന്ത്രികൻ കാൽപ്പന്തുകളിയിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം ഒരിക്കൽ കൂടി സ്വന്തം നെഞ്ചിലമർത്തി. ലോകകപ്പ് കിരീടം നേടിയതാണ് ഫുട്‌ബോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് മെസി പറഞ്ഞു. ബാലൻഡിഓർ നേടുന്ന ആദ്യ ഇന്റർമിയാമി കളിക്കാരനാണ് മെസി. ഈ നിമിഷം ആസ്വദിക്കാൻ ഒരിക്കൽ കൂടി ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്. ലോകകപ്പ് നേടാനും എന്റെ സ്വപ്നം സാക്ഷാത്കരിക്കാനും കഴിഞ്ഞുവെന്നും മെസി വ്യക്തമാക്കി. ലോകകപ്പ് നേടിയത് കൊണ്ടാണോ ഈ ബാലൻഡിഓർ അധിക സ്പെഷ്യൽ ആകുന്നത് എന്ന ദിദിയർ ദ്രോഗ്ബ ചോദ്യത്തിന് എല്ലാം പ്രത്യേകതയുള്ളതാണ് എന്നായിരുന്നു മറുപടി.
2007 മുതൽ 2023 വരെയുള്ള ബാലൻ ഡി ഓർ പുരസ്‌കാര നിർണയത്തിലെ അന്തിമ പട്ടികയിൽ രണ്ടു വർഷമൊഴികെ എല്ലാ തവണയും മെസിയുണ്ട്. 2018-ൽ മെസി അന്തിമ പട്ടികയിൽ ഉണ്ടായിരുന്നില്ല. കോവിഡ് കാരണം 2020-ൽ പുരസ്‌കാരവും ഉണ്ടായില്ല. കഴിഞ്ഞ വർഷവും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും കരീം ബെൻസീമയാണ് ജേതാവായത്. നിലവിൽ അമേരിക്കയിലെ ഇന്റർമിയാമി താരമാണ് മെസി.
ലിയോ എന്ന് വിളിക്കുന്ന ലിയോണൽ ആന്ദ്രസ് മെസ്സി 1987 ജൂൺ 24-നാണ് ജനിച്ചത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനാണ്. 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ ആ രണ്ട് പുരസ്‌കാരങ്ങളും കരസ്ഥമാക്കി. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓർ കൂടി സ്വന്തമാക്കിയതോടെ ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 2022ലെ ഫിഫ ലോകകപ്പിൽ അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ടെന്നീസ് താരം നൊവാക് ജോകോവിച്ചായിരുന്നു ബാലന്‍ ഡി ഓര്‍ വേദിയിലെ പ്രത്യേക അതിഥി. ലോകത്തിലെ ഏറ്റവും വലിയ കായിക ഇനം ഫുട്ബോളാണെന്ന് ജോകോവിച്ച് പറഞ്ഞു.
ഡേവിഡ് ബെക്കാം പുരസ്കാര വേദിയില്‍ പറഞ്ഞത്.
പാരീസ് എനിക്ക് ശരിക്കും പ്രത്യേകതയുള്ള നഗരമാണ്. ഞങ്ങൾ നിരവധി വാർഷികങ്ങളും ജന്മദിനങ്ങളും ഇവിടെ ചെലവഴിച്ചു. പാരീസ് സെന്റ് ജെർമെയ്ൻ പോലൊരു ടീമിനായി കളിക്കാനും 19 വർഷത്തിനിടെ അവരുടെ ആദ്യ കിരീടം നേടാനും കഴിഞ്ഞത് ഓർത്തെടുക്കുന്നു.
'ഞാൻ എന്റെ രാജ്യത്തിന് വേണ്ടി എന്റെ നൂറാമത്തെ കളിയും ഫുട്‌ബോളിലെ അവസാന മത്സരവും പാരീസിൽ കളിച്ചു. ഇത് എനിക്ക് വളരെ സവിശേഷമായ സ്ഥലമാണെന്നും ബെക്കാം പറഞ്ഞു.
വനിതാ ബാലൻ ഡി ഓർ പുരസ്‌കാരം ഐതാന ബൊൻമാടിക്ക്
മികച്ച വനിത താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം സ്‌പെയിനിന്റെ ഐതാന ബൊൻമാടി നേടി. ബൊൻമാടിയുടെ ആദ്യ ബാലൻ ഡി ഓറാണിത്. വനിത ലോകകപ്പും സ്‌പെയിൻ നേടിയത് 25 കാരിയുടെ മിടുക്കിലായിരുന്നു. ചാംപ്യൻസ് ലീഗ് ബാഴ്‌സലോണക്ക് സമ്മാനിച്ചതിലെ കരുത്തും ഇവരായിരുന്നു.
ബാലൻ ഡി ഓർ നേടിയതിൽ ഞാൻ അഭിമാനിക്കുന്നു. ഫുട്‌ബോൾ ഒരു കൂട്ടായ കായിക വിനോദമാണ്, അതിനാൽ ഈ സമ്മാനം എന്റെ ടീമംഗങ്ങൾക്കും സ്റ്റാഫിനും സമർപ്പിക്കുന്നുവെന്നും ഐതാന പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷവും വനിത ബാലൻ ഡി ഓർ പുരസ്‌കാരം സ്‌പെയിൻ ടീം അംഗങ്ങൾക്കായിരുന്നു. കഴിഞ്ഞ തവണ എഫ്.സി ബാഴ്സലോണ ടീമിലെ സഹതാരം അലക്സിയ പുട്ടെല്ലസിനായിരുന്നു. ബാഴ്സലോണയെയും സ്പെയിനിനെയും പ്രതിനിധീകരിക്കുന്ന കളിക്കാർ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ അവാർഡുകൾ നേടുന്നതിനാണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്. ഫിഫ വനിതാ ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ആറ് വർഷത്തെ ചരിത്രത്തിൽ രണ്ട് വ്യത്യസ്ത വനിതാ ബാലൺ ഡി ഓർ ജേതാക്കളെ സൃഷ്ടിച്ച ആദ്യ രാജ്യമായി മാറി. ബാലൻ ഡി ഓർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതയാണ് ഐതാന.
21 വയസിന് താഴെയുള്ളവരിലെ മികച്ച താരം
കഴിഞ്ഞ സീസണിൽ 21 വയസ്സിന് താഴെയുള്ളവരിലെ മികച്ച കളിക്കാരനുള്ള കോപ ട്രോഫി റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാം നേടി. ഇംഗ്ലണ്ടുകാരനാണ് ജൂഡ്. തന്റെ കരിയറിലെ ആവേശകരമായ തുടക്കമാണ് ജൂഡിന് ലഭിച്ചത്. സ്പാനിഷ് ഭീമന്മാർക്ക് വേണ്ടിയുള്ള തന്റെ ആദ്യ 13 മത്സരങ്ങളിൽ 13 ഗോളുകളാണ് ജൂഡ് നേടിയത്.
കഴിഞ്ഞ സീസണിൽ ബെല്ലിംഗ്ഹാമിന് വേണ്ടി 42 മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടി. ഖത്തറിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ക്വാർട്ടർ ഫൈനലിലെത്തിക്കാനും അദ്ദേഹം സഹായിച്ചു.
വിനീഷ്യസ് ജൂനിയറിന് ജീവകാരുണ്യത്തിനുള്ള പുരസ്‌കാരം
ഒരു ഫുട്‌ബോൾ കളിക്കാരന്റെ മാനുഷിക പ്രവർത്തനങ്ങൾ പരിഗണിച്ച് ബ്രസീൽ ഐക്കൺ സോക്രട്ടീസിന്റെ പേരിലുള്ള സോക്രട്ടീസ് അവാർഡ് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയർ സ്വന്തമാക്കി.
പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആപ്ലിക്കേഷനായ വിനി ജൂനിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ദേഹത്തിന്റെ വാർഷിക നിക്ഷേപം 2022-ൽ 335,000 യൂറോ ആയിരുന്നു. 2023-ൽ 1 ദശലക്ഷത്തിലധികമായി. അടുത്ത വർഷം ഇത് 2.5 ദശലക്ഷത്തിലെത്തും.
ഏറ്റവും മികച്ച വനിതാ ടീം ബാഴ്‌സലോണ
ലാ ലിഗ കിരീടവും ചാമ്പ്യൻസ് ലീഗും നേടിയ ബാഴ്‌സലോണയാണ് മികച്ച വനിതാ ടീം. രണ്ടാം സ്ഥാനത്തുള്ള ടീമുമായി 118 ഗോളുകൾക്ക് മുന്നിലാണ് ബാഴ്‌സ വനിതാ ടീം. ബാഴ്സ പ്രസിഡന്റ് ജോവാൻ ലാപോർട്ട അവാർഡ് സ്വീകരിച്ചു.
മികച്ച ഗോളി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ്
മികച്ച ഗോൾ കീപ്പറായി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ പ്രകടനാണ് എമിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. പിതാവിനൊപ്പമെത്തിയാണ് എമിലിയാനോ ട്രോഫി സ്വീകരിച്ചത്. ലോകകപ്പ് ഫുട്ബോളിലെ അവസാന നിമിഷം ഫ്രാന്‍സ് താരത്തിന്‍റെ ഷോട്ട് തടഞ്ഞാണ് എമിലിയാനോ അര്‍ജന്‍റീനക്ക് ട്രോഫി സമ്മാനിച്ചത്.
ഹാലണ്ട് ബെസ്റ്റ് സ്ട്രൈക്കര്‍
മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് കഴിഞ്ഞ സീസണിലെ തന്റെ റെക്കോർഡ് ഗോൾ നേട്ടത്തിന് ജെറാര്‍ഡ് മുള്ളർ ട്രോഫി സ്വന്തമാക്കി. സ്ട്രൈക്കര്‍ ഓഫ് ദ ഇയര്‍ നേട്ടമാണ് ഹാലണ്ടിന് ലഭിച്ചത്. തന്നെ ഇന്നത്തെ ആളാക്കിയതിന് എന്റെ കുടുംബത്തിനും ചുറ്റുമുള്ള എല്ലാ ആളുകൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും മാഞ്ചസ്റ്റര്‍ സിറ്റിക്കും നന്ദി പറയുന്നുവെന്നും ഹാലണ്ട് പറഞ്ഞു. ഗോളടിക്കുകയാണ് തന്‍റെ ജോലിയെന്നും അദ്ദേഹം അവാര്‍ഡ് സ്വീകരിച്ച ശേഷം വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റി മികച്ച പുരുഷ ടീം
കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്.