Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍, വീട്ടില്‍ വിദേശ കറന്‍സി ഉള്‍പ്പെടെ രേഖകള്‍ പിടികൂടി

എടക്കര (മലപ്പുറം)- കൈവശരേഖക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. വഴിക്കടവ് വില്ലേജ് ഓഫീസറായ കാളികാവ് സ്വദേശി പൂതന്‍കോട്ടില്‍ മുഹമ്മദ് ഷമീറിനെയാണ് (49) വിജിലന്‍സ് സി.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വഴിക്കടവ് കുന്നുമ്മല്‍പൊട്ടി എന്‍.സി. ബിജു എന്നയാള്‍ക്ക് കൈവശരേഖ നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലിയായി നല്‍കിയ പണമാണ് വിജിലന്‍സ് പിടികൂടിയത്.
ഷമീറിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി. വിദേശ കറന്‍സി ഉള്‍പ്പെടെ പണവും പത്തിലധികം ബാങ്ക് പാസ് ബുക്കുകളും രേഖകളും വിജിലന്‍സ് പിടികൂടി. രാത്രിയിലും വീട്ടില്‍ റെയ്ഡ് തുടരുകയാണ്.
ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നു മരം മുറിക്കുന്നതിന് ആവശ്യമായ കട്ടിംഗ് പെര്‍മിറ്റിന് അപേക്ഷയോടൊപ്പം വനം വകുപ്പിന് സമര്‍പ്പിക്കാനുള്ള കൈവശരേഖക്കാണ് 1000 രൂപ വില്ലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങിയത്. കൈവശ രേഖക്ക് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒരാഴ്ച വൈകിപ്പിച്ചിരുന്നു. കൈക്കൂലിയായി ഇയാള്‍ 1000 രൂപ ഗൂഗിള്‍ പേ വഴി അയക്കാന്‍ പല തവണ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28 ന് ആദ്യം വരാന്‍ പറഞ്ഞിരുന്നു. അന്ന് വില്ലേജ് ഓഫീസര്‍ വന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച വന്നത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൈക്കൂലി തുക കൈമാറിയതിന് പിന്നാലെ എത്തിയ വിജിലന്‍സ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വില്ലേജ്
ഓഫീസര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. എന്നാല്‍ പണം കണ്ടെത്താനായില്ല. മാത്രവുമല്ല ഇയാള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു.
തുടര്‍ന്ന് അര മണിക്കൂറിലേറെ നേരം നടത്തിയ തെരച്ചിലില്‍ റിക്കോര്‍ഡ് മുറിയില്‍ രേഖകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. വിജിലന്‍സ് നല്‍കിയ രണ്ട് 500 രൂപ നോട്ടുകള്‍ക്ക് പുറമെ 1500 രൂപ വേറെയും ഇവിടെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഗസറ്റഡ് ഓഫീസര്‍മാരായ പെരുവള്ളൂര്‍ കൃഷി ഓഫീസര്‍ ജേക്കബ് ജോര്‍ജ്, കൊണ്ടോട്ടി മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുര്‍ഷിദ തസ്നി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം കൈക്കൂലി പണം പിടികൂടിയത്. വിജിലന്‍സ് സി.ഐമാരായ പി. ജ്യോതീന്ദ്രകുമാര്‍, ടി.എല്‍ സ്റ്റെപ്റ്റോ ജോണ്‍, എസ്.ഐ എം.ആര്‍. സജി, മോഹനകൃഷ്ണന്‍, എ.എസ്.ഐ മധുസൂദനന്‍, സീനിയര്‍ സി.പി.ഒ വിജയകുമാര്‍, സന്തോഷ്, പി. രാജീവ്, പി.കെ. ശ്രീജേഷ്, ധനേഷ്, രത്നകുമാരി, സി.പി.ഒമാരായ ശ്യാമ, ടി.പി. അഭിജിത് ദാമോദര്‍, സുബിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സഹോദരന്‍ ജവാന്റെ പേരില്‍ ആശ്രിതനായിട്ടാണ് ഷമീറിന് വില്ലേജ് ഓഫീസില്‍ ജോലി ലഭിച്ചത്. മുമ്പും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി സമയങ്ങളില്‍ സ്ഥലം മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.

 

Latest News