Sorry, you need to enable JavaScript to visit this website.

യാക്കൂബ് വധം: പോലീസിന് വിവരം നൽകിയ സുഹറാബി കൂറുമാറി

തലശ്ശേരി- ഇരിട്ടി കീഴൂരിലെ  സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ   തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ആർ.എൽ ബൈജു മുമ്പാകെ തുടർന്നു. കേസിലെ രണ്ട്  സാക്ഷികളെ ഇന്നലെ വിസ്തരിച്ചു. പുതിയപുരയിൽ ജമീല, സുഹറാബി എന്നിവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത.് ജമീലയുടെ വീട്ട് കോലായയിലിരിക്കുമ്പോഴാണ് അക്രമം നടന്നിരുന്നത.്
സംഭവം ആദ്യം പോലീസിൽ ഫോൺ ചെയ്ത് വിളിച്ച് പറഞ്ഞ സുഹറാബി വിചാരണ കോടതി മുമ്പാകെ കുറുമാറി. 
പോലീസിന് നൽകിയ മൊഴിയിൽ പ്രതികളെ തിരിച്ചറിഞ്ഞ സുഹറാബി ഇന്നലെ നടന്ന വിചാരണയിൽ തിരിച്ചറിഞ്ഞില്ല. ബോംബ് പൊട്ടുന്ന ശബ്ദം കേട്ടെന്നും ആരാണ് എറിഞ്ഞതെന്ന് കണ്ടില്ലെന്നും 15 ഓളം പേരുണ്ടായിരുന്നെന്നും അതിനാൽ പ്രതികളെ ഇപ്പോൾ തിരിച്ചറിയാൻ സാധിക്കില്ലെന്നും സാക്ഷി വിചാരണ കോടതിയിൽ മൊഴി നൽകി. പോലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമായി സുഹറാബി മൊഴി നൽകിയതോടെ സാക്ഷി കൂറ് മാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കേസിലെ ഒന്നാം സാക്ഷി ഷാനവാസിനെ ക്രോസ് വിസ്താരം ചെയ്യും. മറ്റൊരു സാക്ഷിയായ രജീഷിനെയും വിസ്തരിക്കും. 
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് കേസിലെ പ്രതികൾ. 2006 ജൂൺ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയ പുരയിൽ ജമീലയുടെ വീട്ടു വരാന്തയിൽ ഇരിക്കുന്ന സമയത്താണ് പ്രതികൾ ആയുധങ്ങളുമായെത്തി ആക്രമിച്ചത്. 
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ വിലങ്ങേരി  ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ എന്ന മനോജ്, തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയ വീട്ടിൽ വിജേഷ്, കൊട്ടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ, പി.കാവ്യേഷ്,  പന്നിയോടൻ ജയകൃഷ്ണൻ,കുറ്റിയാടൻ ദിവാകരൻ,എസ്.ടി സുരേഷ്,പി.കെ പവിത്രൻ എന്ന ആശാരി പവിത്രൻ,പുത്തൻ വീട്ടിൽ മാവില ഹരീന്ദ്രൻ, കെ.കെ പപ്പൻ എന്ന പത്മനാഭൻ, എസ്.ടി സജീഷ്, കൊഴുക്കുന്നേൽ സജീഷ്, പടയൻകുട്ടി വൽസൻ, വള്ളി കുഞ്ഞിരാമൻ,കിഴക്കെ വീട്ടിൽ ബാബു എന്ന തുഫടൻ ബാബു എന്നിവരാണ് കേസിലെ പ്രതികൾ.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ കെ.പി ബിനീഷയാണ് ഹാജരാവുന്നത.് 42 സാക്ഷികളാണ് പ്രോസിക്യൂഷൻ ഭാഗത്തുള്ളത.് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എൻ.ഭാസക്കരൻ നായർ,  അഡ്വ.ജോസഫ് തോമസ്, അഡ്വ.ടി.സുനിൽകുമാർ, അഡ്വ.പി പ്രേമരാജൻ എന്നിവരാണ് ഹാജരാകുന്നത.് 
 

Latest News