Sorry, you need to enable JavaScript to visit this website.

കളമശേരി സ്ഫോടനം: കേന്ദ്രമന്ത്രിമാർ വർഗീയത സൃഷ്ടിക്കുന്നുവെന്ന് കെ. മുരളീധരൻ

മലപ്പുറം- കളമശേരി സ്ഫോടനത്തെക്കുറിച്ച് കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും നടത്തിയ പ്രസ്താവനകൾ ഉത്തരവാദിത്തമില്ലായ്മയാണെന്നും അവർ കേരളത്തിൽ വർഗീയത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളമശേരി 
സ്ഫോടനവും ഫലസ്തീൻ വിഷയവും തമ്മിൽ  ബന്ധപ്പെടുത്താൻ പാടില്ലാത്തതാണ്. ഇതിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. വിഷയത്തിൽ രാഷ്ട്രീയം കാണരുത്. സ്‌ഫോടനത്തിൽ പ്രതിയാണെന്ന്  കുറ്റസമ്മതം നടത്തിയ വ്യക്തി പറഞ്ഞ കാര്യങ്ങൾ പൂർണമായും വിശ്വസനീയമല്ല.  
15 വർഷം പ്രവർത്തിച്ച ഒരു സംഘടനയോട് വിയോജിപ്പുണ്ടെങ്കിൽ അതിന്റെ പേരിൽ നിരപരാധികളെ കൊല്ലുകയല്ല വേണ്ടത്. ഇതിന്റെ പിറകിലുള്ളവരെ കണ്ടെത്തണം. സംസ്ഥാന ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടു. ഇന്റലിജൻസിന്റെ പരാജയം മുഖ്യമന്ത്രി അംഗീകരിക്കണം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുത്. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെ ഉണ്ടാകരുത്. ഇസ്രായിലിൽ ഒക്ടോബർ ഏഴിന് സംഭവിച്ച കാര്യങ്ങൾ ഒരു ജനത വർഷങ്ങളായി അനുഭവിച്ച അടിച്ചമർത്തലുകളുടെ പ്രതിപ്രവർത്തനമാണ് എന്നതാണ് ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ നിലപാട്. അതിനാൽ നിരുപാധിക പിന്തുണയാണ് കോൺഗ്രസ് പ്രവർത്തക സമിതി ഫലസ്തീനിലെ ജനതക്ക് നൽകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.
 

Latest News