ജിദ്ദ- ഓട്ടിസം ബാധിച്ച കുട്ടിക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സൗദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് വിളിച്ച മലയാളി മൊത്തം പ്രവാസി സമൂഹത്തിന് നാണക്കേടായി. ഓട്ടിസമുള്ള മകളെ ജനലില്‍ കെട്ടിയിട്ട് ജോലിക്ക് പോകന്‍ നിര്‍ബന്ധിതയായ ബിന്ദു എന്ന അമ്മയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും ജീവിതം സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായതോടെ നിരവധി പേരാണ് ഇവര്‍ക്ക് സഹായ ഹസ്തം നീട്ടിയത്. അങ്ങനെ സഹായം വാഗ്ദാനം ചെയ്തവരില്‍ ഒരാളാണ് വൈകൃത സ്വഭാവം പുറത്തെടുത്തത്. വാട്‌സആപ്പിലൂടെ സ്വന്തം നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്. സൗദിയില്‍നിന്ന് വിളിച്ച നമ്പറും ചാറ്റും സഹിതമുള്ള വിവരങ്ങളും അവര്‍ പരസ്യമാക്കി.
ഫോണ്‍ വിളിച്ച ശേഷം കുട്ടിയെ കാണണമെന്നും സഹായം ചെയ്യാമെന്നുമാണ് ഇയാള്‍ പറഞ്ഞത്. കുട്ടിയെ കാണാന്‍ താല്‍പര്യമുണ്ട് എന്നു പറഞ്ഞപ്പോള്‍ ബിന്ദുവിന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. അധികം വൈകാതെ ഫോണ്‍കോള്‍ കട്ടായി. പിന്നീട് 966505106788 എന്ന നമ്പറില്‍ നിന്നുതന്നെ വാട്‌സാപ്പില്‍ വിഡിയോ കോള്‍ വന്നു.
ബിന്ദുവിന്റെ മൂത്തമകളാണ് ഫോണ്‍ എടുത്തത്. വീഡിയോ കോള്‍ കണക്റ്റ് ആയ ഉടനെ മറുതലക്കല്‍ നിന്നും നഗ്‌നതാ പ്രദര്‍ശനം ആരംഭിച്ചു. ഭയന്ന ബിന്ദു ഉടനെ ഫോണ്‍ കട്ട് ചെയ്തു. വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങളുടെ ഒഴുക്കാണ് പിന്നീട് ഉണ്ടായത്.
ബിന്ദു വെളിപ്പെടുത്തിയ നമ്പറില്‍ ബന്ധപ്പെടാന്‍ സൗദിയില്‍നിന്ന് പലരും ശ്രമിച്ചെങ്കിലും നടന്നില്ല. മുബാറക് അബീദ്, മുബാറക് ഹര്‍ബി തുടങ്ങിയ പേരുകളിലാണ് പലരും ഈ നമ്പര്‍ കോണ്‍ടാക്ട് ലിസറ്റില്‍ സേവ് ചെയ്തിരിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൗദിയിലെ നിരവധി മലയാളികള്‍. പോലീസുമായും സൗദി ടെലിക്കോം കമ്പനിയുമായും ബന്ധപ്പെട്ടാണ് അവര്‍ ശ്രമം തുടരുന്നത്.