Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഴ പെയ്താൽ മുങ്ങിപ്പോകുന്ന തിരുവനന്തപുരം

മറ്റു  സ്വകാര്യ ആശുപത്രികൾ നിലവിൽ വരുന്നതിന് മുമ്പ് തിരുവനന്തപുരം നഗരത്തിന്റെ സ്വകാര്യ രംഗത്തെ മുഖശ്രീയായിരുന്നു കോസ്‌മോപൊളിറ്റൻ ആശുപത്രി. ഈ പറഞ്ഞ ആശുപത്രി വെള്ളക്കെട്ടിൽ നിരന്തരമായി മുങ്ങിപ്പോവുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസം ഇങ്ങനെ മുങ്ങിയപ്പോൾ മോർച്ചറിയിൽ വെള്ളം കയറിയിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ  മൃതദേഹങ്ങൾ മറ്റു ആശുപത്രികളിലേക്ക് മാറ്റി പ്രതിസന്ധി പരിഹരിക്കേണ്ട ദയനീയ സ്ഥിതിയുണ്ടായി. ഒരുപക്ഷേ തിരുവനന്തപുരം അഭിമുഖീകരിക്കുന്ന  സമീപകാല വെള്ളക്കെട്ടിന്റെ ആഴവും പരപ്പും അറിയാൻ   ഈയൊരനുഭവം മതി.

മഴ പെയ്താൽ വെള്ളം കയറലൊക്കെ കേരളത്തിൽ  മറ്റെവിടെയും എന്ന പോലെ തിരുവനന്തപുരത്തും സാധാരണമായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴ രാത്രിയിലേക്ക് നീളുമ്പോൾ നഗരമാകെ പ്രളയത്തിൽ മുങ്ങിപ്പോകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതാണനുഭവം. റോഡിലൂടെയുള്ള യാത്ര (പ്രത്യേകിച്ച് രാത്രി യാത്ര)  അസാധ്യമോ, അപകടകാരിയോ ആയി മാറുന്നു. ടൂവീലറിലും ചെറുവാഹനങ്ങളിലും സഞ്ചരിക്കുന്നവർ റോഡേത്, തോടേത് എന്നറിയാതെ വിഷമിച്ചു പോവുന്ന സ്ഥിതി.  ഉയർന്നും താഴ്ന്നും പണിത റോഡുകൾ തിരുവനന്തപുരത്തിന്റെ മുഖമുദ്രയായിരുന്നു. ഒട്ടുമേ വെള്ളം കെട്ടിനിൽക്കാത്ത റോഡുകൾ തലസ്ഥാന നഗരത്തിന്റെ സൗഭാഗ്യമായി കൊല്ലങ്ങളോളം നിലനിന്നു. 
ഇനി ആ പഴയ കാലം നിലനിൽക്കില്ല എന്നാണ് ഭൗമശാസ്ത്രം പഠിച്ചവർ പറയുന്നത്. ഒരു മഴ, പിന്നെയും  മഴ, ഒടുവിലതൊരു പ്രളയം എന്ന അവസ്ഥ തുടരാം.
തിരുവനന്തപുരത്തെ  കൂടുതൽ ആധുനീകരിച്ചതിൽ ടെക് നോപാർക്കിന്റ പങ്ക് എല്ലാവരും അംഗീകരിക്കും. ഉദ്യോഗസ്ഥ നഗരം മാത്രമായിരുന്ന തിരുവനന്തപുരത്തെ ആധുനിക നഗരത്തിന്റെ പകിട്ടിലേക്ക് കൈപിടിച്ചു നടത്തിയ സ്ഥാപനം ടെക്‌നോപാർക്കാണ്.  ഈ സ്ഥാപനം പോലും കഴിഞ്ഞൊരു ദിവസത്തെ മഴയിൽ മുങ്ങിപ്പോയെന്ന വിവരം അധികമാരും അറിഞ്ഞു കാണില്ല. കാരണം ഇത്തരം വാർത്തകൾ പത്രങ്ങളുടെ പ്രദേശിക പേജിൽ  മാത്രമായിരിക്കും അച്ചടിച്ചു വന്നിട്ടുണ്ടാവുക എന്നതാണ്.  ടെക്‌നോപാർക്കിലെ പല സ്ഥാപനങ്ങളിലും വെള്ളം കയറി ഉപകരണങ്ങളൊക്കെ നനഞ്ഞു കുതിർന്നു പോയിരുന്നു. ഇഴജീവികളെ പേടിച്ച് ജീവനക്കാർക്ക് ജോലിക്ക് കയറാൻ പറ്റാത്ത സ്ഥിതിയുണ്ടായി.  പുരോഗതിയെ കുറിച്ച്  സംസാരിക്കുന്ന  സംസ്ഥാനത്തിന്റെ  തലസ്ഥാനത്തിന് ഇങ്ങനെയൊരവസ്ഥ വരുന്നത് ഭരണാധികാരികൾ ഇനിയും കാര്യമായെടുത്ത മട്ടില്ല. അതിനിടക്ക് വേളി ഇന്റസ്ട്രിയൽ എസ്റ്റേറ്റിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ യോഗം ചേരുകയുണ്ടായി.  ഈ വെള്ളക്കെട്ടിനെ കുറിച്ചുള്ള പഠനം നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ  സ്വീകരിക്കുന്ന നടപടി നഗരത്തിന്റെ മറ്റു പ്രശ്‌നബാധിത മേഖലകൾക്കും ബാധകമാകും, കാരണം എല്ലാ സ്ഥലത്തെയും പ്രശ്‌നങ്ങൾക്ക് സമാന സ്വഭാവമുണ്ട്.  വെള്ളം കയറും, അതുപോലെ അതങ്ങ് ഇറങ്ങുകയും ചെയ്യും എന്ന ലാഘവ ചിന്ത എവിടെയും  ഇനി  അധികനാൾ തുടരാനാകില്ല. കെട്ടിട നിർമാണങ്ങളിലെ അശാസ്ത്രീയതയാണ് എല്ലാറ്റിന്റെയും മുഖ്യ കാരണമെന്ന നിലപാട് ആവർത്തന വിരസതയാൽ ആളുകൾക്ക് മടുത്തിട്ടുണ്ട്. വയലും ജലസ്രോതസ്സുകളും നികത്തിയുള്ള നിർമാണം ഇനി ആവശ്യമുണ്ടോ എന്ന ആലോചനക്കുള്ള സമയം പോലും ഇനിയില്ല. നാട് എല്ലായ് പ്പോഴും വെള്ളത്തിൽ മുങ്ങി നിൽക്കണോ  എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണ്. 
തിരുവനന്തപുരത്ത് പെട്ടെന്നുണ്ടായ വെള്ളപ്പൊക്ക പ്രവണതക്ക്  കാരണമായി പറയുന്നത് ബഫർ സോണായി നില നിന്നിരുന്ന ആക്കുളത്തും ആമയിഞ്ചാൻ തോടിന്റെ പരിസരങ്ങളിലും വലിയ തോതിലുള്ള കെട്ടിട നിർമാണങ്ങൾ നടന്നുവെന്നതാണ്.  ഒഴുക്ക് നിലച്ചതോടെ  ഒഴുകിപ്പോകാൻ മറ്റു വഴിയില്ലാതായി. പ്രളയം തടുക്കാനുള്ള നീർതടങ്ങളുടെ സ്വാഭാവിക ശേഷി നിർമിതികൾ കാരണം ഇല്ലാതാകുന്നതാണ് അടിസ്ഥാന പ്രശ്‌നം. ജലത്തിന്റെ സ്വാഭാവിക  ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിൽ വെള്ളം മാറി ഒഴുകിക്കൊണ്ടി രുന്നു. നഗരത്തിലെ എല്ലാ തോടുകളെയും ഈ ഒഴുക്ക്  ബാധിച്ചപ്പോഴാണ് ആളുകൾ നോക്കി, നോക്കി നിൽക്കേ നഗരം നിരന്തരം വെള്ളത്തിൽ മുങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തെ മഴ ഉദാഹരണം- അപ്രതീക്ഷിത മഴയായതിനാൽ ആളുകൾ മഴ തോരാൻ, കിട്ടിയ ഇടങ്ങളിൽ കയറി നിൽക്കുകയായിരുന്നു. കുടയെടുക്കാതെയും  മഴച്ചെരിപ്പ് ഉപയോഗിക്കാതെയും മഴക്കാലം ചെലവഴിക്കാൻ സാധിക്കുന്ന നഗരമായിരുന്നു തിരുവനന്തപുരം. അതുകൊണ്ടാണ് ആളുകൾ മഴക്കാലത്തു പോലും മഴ പ്രതീക്ഷിക്കാതെ പുറത്തിറങ്ങുന്നത്.  പതിവ് പോലെ മഴ മെല്ലെ ശമിച്ചെങ്കിലും റോഡെല്ലാം വെള്ളത്തിൽ മുങ്ങിയത് കണ്ട് മനുഷ്യർ അതിശയിച്ചുപോയി.  ടെക്‌നോപാർക്ക്, അട്ടക്കുളങ്ങര, കരിക്കകം ഭാഗങ്ങളൊക്കെ  വെള്ളത്തിലായി.
നഗരത്തിലെ വെള്ളക്കെട്ട്  സ്‌പോട്ടുകളായി സർക്കാർ അടയാളപ്പെടുത്തുന്നത് കോസ്‌മോപൊളിറ്റൻ ആശുപത്രിയുടെ പിൻവശം, ഗൗരീശപട്ടം, മുളവന, കണ്ണമ്മൂല, കടകംപള്ളി, കുഴിവയൽ, പുത്തൻ പാലത്തിന് സമീപം തേക്കുംമൂട് ഭാഗം, കുമാരപുരം - പൂന്തി റോഡ്, അട്ടക്കുളങ്ങര, യമുന നഗർ, ആക്കുളം വേളി എന്നിവയാണ്.
മറ്റു  സ്വകാര്യ ആശുപത്രികൾ നിലവിൽ വരുന്നതിന് മുമ്പ് തിരുവനന്തപുരം നഗരത്തിന്റെ സ്വകാര്യ രംഗത്തെ മുഖശ്രീയായിരുന്നു കോസ്‌മോപൊളിറ്റൻ ആശുപത്രി. ഈ പറഞ്ഞ ആശുപത്രി വെള്ളക്കെട്ടിൽ നിരന്തരമായി മുങ്ങിപ്പോവുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസം ഇങ്ങനെ മുങ്ങിയപ്പോൾ മോർച്ചറിയിൽ വെള്ളം കയറിയിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ  മൃതദേഹങ്ങൾ മറ്റു ആശുപത്രികളിലേക്ക് മാറ്റി പ്രതിസന്ധി പരിഹരിക്കേണ്ട ദയനീയ സ്ഥിതിയുണ്ടായി. ഒരുപക്ഷേ തിരുവനന്തപുരം അഭിമുഖീകരിക്കുന്ന  സമീപ കാല വെള്ളക്കെട്ടിന്റെ ആഴവും പരപ്പും അറിയാൻ   ഈയൊരനുഭവം മതി. 
വെള്ളക്കെട്ടിന്റെ കാര്യവും കാരണവും അന്വേഷിച്ച നാട്ടുകാർക്ക് കണ്ണമ്മൂലക്കടുത്ത നെല്ലിക്കുഴി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു വിവരം ലഭിച്ചു- അനുബന്ധ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നത് തോട്ടിൽ ഇറക്കിയ മണ്ണുമാന്തി യന്ത്രം!  കരാറുകാരൻ ഉപേക്ഷിച്ച് പോയതാണത്. യന്ത്രം തോട്ടിൽ കിടന്നപ്പോൾ മാലിന്യങ്ങൾ അടിഞ്ഞുകൂടി ജലമൊഴുക്ക് നിലയ്ക്കുന്ന അവസ്ഥ വരുത്തി. ഇതിനെല്ലാം പുറമെ 2012 ന് ശേഷം പട്ടംതോടും  കണ്ണമ്മൂല തോടും വൃത്തിയാക്കിയിട്ടുമില്ലെന്ന വിവരമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കോർപറേഷൻ എല്ലാ തവണയും ഫണ്ടനുവദിക്കാറുണ്ട്. അതൊക്കെ എങ്ങോട്ട് പോകുന്നുവെന്ന് ആർക്കറിയം. ഇതിപ്പോൾ രണ്ട് തോടുകളുടെ കാര്യം. മറ്റു സ്ഥലങ്ങളിലെയൊക്കെ അവസ്ഥ എന്തായിരിക്കും  എന്നാർക്കറിയാം. 
 വെള്ളത്തിന് ഒഴുകാനും അധിക ജലം ലഭിക്കുന്ന മഴക്കാലത്ത് കെട്ടിനിൽക്കാനും അവസമൊരുക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.  വെളളം കൊണ്ടും തീകൊണ്ടും കളിക്കരുത് എന്നത് മനുഷ്യ കുലത്തിന്റെ ചരിത്രത്തോടൊപ്പം നില നിൽക്കുന്ന പാഠമാണ്. ആളിപ്പടരുന്ന തീയിലെന്ന പോലെ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന് മുന്നിലും  എല്ലാ ശക്തികളും ബലഹീനമാണ്.

Latest News