(ആറളം) കണ്ണൂർ - കണ്ണൂരിലെ ആറളം രാമച്ചിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. ആർക്കും പരുക്കില്ല. തിരിച്ചിൽ തുടരുകയാണ്.
ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചർമാർ നടന്നുപോകവെ ചാവച്ചിയിൽ വച്ചാണ് മാവോയിസ്റ്റുകൾ ആകാശത്തേക്ക് ആറുതവണയായി വെടിയുതിർത്തത്. ഇതോടെ മൂന്നു വാച്ചർമാരും ഓടിരക്ഷപ്പെടുകയാണുണ്ടായത്. അഞ്ചംഗ സായുധ സംഘമാണ് വനത്തിൽ ഉണ്ടായിരുന്നതെന്നാണ് വാച്ചർമാർ പറയുന്നത്. വയനാട് കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘം തന്നെയാണ് രാമച്ചിയിലും എത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് രാമച്ചിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തെ തുടർന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തി. പോലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.