Sorry, you need to enable JavaScript to visit this website.

ഇന്ദ്ര നൂയി പെപ്‌സികോയുടെ തലപ്പത്തുനിന്ന് ഒഴിയുന്നു

ന്യൂദൽഹി-12 വർഷത്തിനു ശേഷം പെപ്‌സികോയുടെ തലപ്പത്തു നിന്ന് ഇന്ത്യൻ വംശജയായ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു. നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്ത(54) പകരം ചുമതലയേൽക്കുമെന്നും പെപ്‌സികോ അറിയിച്ചു. ഒക്ടോബർ മൂന്നിനാകും ലഗുർത്ത സിഇഒ ആയി ചുമതലയേൽകുക. 62 കാരിയായ നൂയി 2019 വരെ പെപ്‌സികോ ഡയറക്ടർ ബോർഡിന്റെ അധ്യക്ഷസ്ഥാനത്തു തുടരും. പുതുതായി ചുമതലയേൽക്കുന്ന ലഗുർത്ത 22 വർഷമായി പെപ്‌സികോയിലുണ്ട്. പ്രസിഡന്റാകുന്നതിനു മുൻപ് പെപ്‌സികോയുടെ യൂറോപ്പ്, സബ് സഹാറൻ ആഫ്രിക്ക വിഭാഗം സിഇഒ ആയിരുന്നു. 2006 ൽ ഇന്ദ്ര നൂയി ചുമതലയേറ്റതിനു ശേഷം കമ്പനിയുടെ ഓഹരി വില 78 ശതമാനമാണ് ഉയർന്നത്. 24 വർഷം പെപ്‌സികോയിൽ പ്രവർത്തിച്ച നൂയി അതിൽ 12 വർഷം കമ്പനി സിഇഒ ആയിരുന്നു.
പെപ്‌സികോയെ നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിൽ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് ഇന്ദ്ര നൂയി പ്രതികരിച്ചു. ഇന്ത്യയിൽ ജനിച്ചുവളർന്ന താൻ ഇത്ര പ്രത്യേകതകളുള്ള ഒരു കമ്പനിയിലെ തലപ്പത്ത് എത്തുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല.  സിഇഒ എന്ന നിലയിൽ പെപ്‌സികോ ഓഹരിയുടമകളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Latest News