Sorry, you need to enable JavaScript to visit this website.

കളമശ്ശേരി: വ്യാജ പ്രചാരണങ്ങൾക്കെതിരെ ഐ.എൻ.എൽ പരാതി നൽകി

എൻ.കെ. അബ്ദുൽ അസീസ്

കോഴിക്കോട് -  എറണാകുളം കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക് കാരണമായ ഔദ്യോഗിക പേജുകൾക്കെതിരെ ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പരാതി നൽകി.

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, വി.എച്ച്.പി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ എഡിറ്റർ ഷാജൻ സ്‌കറിയ, കർമ്മ ന്യൂസ്, തീവ്ര വർഗീയ ഗ്രൂപ്പായ 'കാസ' എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ വർഗീയ വംശീയ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ഈ ദുഷ്പ്രചാരണങ്ങൾക്ക് കാരണമായത്. നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു. 

ബി.ജെ.പിയുടെ ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു, മുസ്‌ലിംകളെ ഉന്നം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ട്വിറ്റർ, ഫേസ്ബുക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻ.കെ. അബ്ദുൽ അസീസ് പറഞ്ഞു.
 

Latest News