Sorry, you need to enable JavaScript to visit this website.

കളമശ്ശേരി സ്‌ഫോടനത്തില്‍ കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി, പ്രതി മാര്‍ട്ടിന് കാസയുമായി ബന്ധം

മലപ്പുറം- കളമശ്ശേരി സ്‌ഫോടനത്തില്‍ കാസയുടെ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക് ഷന്‍) പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
പ്രതി മാര്‍ട്ടിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും മാര്‍ട്ടിന് കാസയുമായി ബന്ധം ഉണ്ടായിരുന്നതായി വിവരമുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, സംഘ് പരിവാര്‍ നേതാക്കളും കളമശ്ശേരി സംഭവത്തിനു തൊട്ടുപിന്നാലെ  വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.  വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നില്‍ ഫലസ്തീന്‍ അനുകൂലികളാണെന്നും മുസ്‌ലിംകളാണെന്നുമുള്ള പ്രചാരണമാണ് ഉണ്ടായത്. സന്ദീപ് വാര്യരും പ്രതീഷ് വിശ്വനാഥും തുടങ്ങിവെച്ച പ്രചാരണം പിന്നീട് ദേശീയ നേതാക്കള്‍ വരെ ഏറ്റെടുത്തു. മാധ്യമങ്ങളും സംഘ്പരിവാര്‍ പ്രചാരണത്തെ പിന്തുണയക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജൂതന്‍മാരും യഹോവാ സാക്ഷികളും തമ്മിലുള്ള ബന്ധം വരെ വിശദീകരിച്ച് ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ളവര്‍ നടത്തിയതെന്നും സി.ടി. സുഹൈബ് പറഞ്ഞു.

ദേശവ്യാപകമായി ഉയർന്നു വരുന്ന ഫലസ്തീൻ ഐക്യദാർഢ്യം സംഘ്പരിവാറിനെ എത്രത്തോളം അലോസരപ്പെടുത്തുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കളമേശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചാരണം. ഭീകരവംശീയ ആശയങ്ങളായ സയണിസവും ഹിന്ദുത്വവും ഒരേ തൂവൽ പക്ഷികളാണെന്നും വംശീയ  വ്യാജ പ്രചാരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളർത്തി സാമുദായിക സൗഹാർദത്തെ തകർക്കുന്ന ഇവ രണ്ടിനെയും ഒരേ പോലെ തുറന്നെതിർക്കണമെന്ന സോളിഡാരിറ്റിയുടെ കാമ്പയിൻ സന്ദേശത്തെ എല്ലാവരും ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്കാണ് കളമശേരി സ്‌ഫോടനവും വ്യാജ പ്രചാരണങ്ങളും വിരൽ ചൂണ്ടുന്നത് -സി.ടി.സുഹൈബ് പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി, മലപ്പുറം ജില്ലാ സെക്രട്ടറി സാബിക് വെട്ടം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 


 

Latest News