കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരിയിലെ സ്‌ഫോടനമുണ്ടായ സാമ്ര കൺവെൻഷൻ സെന്ററും പരുക്കേറ്റ് ചികിത്സയിലുള്ളവരെയും സന്ദർശിച്ചു. ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കൺവെൻഷൻ സെന്റർ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടത്. രോഗികളുടെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ച ശേഷം ആസ്റ്റർ മെഡിസിറ്റിയിലും രാജഗിരി ആശുപത്രിയിലുള്ളവരെയും മുഖ്യമന്ത്രി കാണും.
ഇന്നലെ രാവിലെ 9.40-ഓടെയാണ് സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർ പരുക്കുകളോടെ ആശുപത്രികളിൽ ചികിത്സയിലുമാണ്. ഇതിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.