കൊച്ചി- വർഗീയവിഷം ചീറ്റുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഹമാസ് കൂട്ടക്കൊലയിൽ മൗനം പാലിക്കുന്നതിനെയാണ് ചോദ്യം ചെയ്തതെന്നും കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ. എന്റെ പ്രതികരണത്തിൽ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും ഹമാസിനെ കേരളത്തിലെ ചടങ്ങിൽ പങ്കെടുപ്പിച്ചതിനെയാണ് എതിർത്തതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദികളെന്നു വിളിച്ച് അധിക്ഷേപിക്കുകയാണെന്നും എം.സ്വരാജും എം.കെ.മുനീറും ഹമാസിന്റെ തീവ്രവാദത്തെ പിന്തുണച്ചുവെന്നും മന്ത്രി ആരോപിച്ചു. 'ഞാൻ വർഗീയവാദി ആണെന്ന തരത്തിലാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ നുണയനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കളമശേരി സ്‌ഫോടനം ദുരന്തപൂർണമായ സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനു മറുപടിയായി ഞാൻ വർഗീയവാദി ആണെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ഒരു സമുദായത്തെപ്പറ്റിയും ഞാൻ പറഞ്ഞിട്ടില്ല. ഹമാസിനെപ്പറ്റിയാണു പറഞ്ഞത്. വർഗീയമായ യാതൊരു പരാമർശവും നടത്തിയിട്ടില്ല. തീവ്രഗ്രൂപ്പുകളോട് പിണറായി സർക്കാരിന് മൃദുസമീപനമാണ്. കോൺഗ്രസും ഇടതുപക്ഷവും ഇതിന് കൂട്ടുനിൽക്കുകയാണ്.
ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങിൽ പങ്കെടുപ്പിച്ചതാണു താൻ ഉയർത്തിയത്. കേരളത്തിൽ തീവ്രവാദം കൂടുമ്പോൾ കണ്ടില്ലെന്നു നടിക്കുന്നു. സാമുദായിക പ്രീണനം തീവ്രവാദത്തെ വളർത്തുമെന്ന് ഓർക്കണം. മുൻകാലത്തു കോൺഗ്രസും ഇതേ പ്രീണനനയമാണു സ്വീകരിച്ചത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ സംസ്ഥാനം കൂടെ നിൽക്കണം.
ഹമാസ് നേതാവ് കേരളത്തിലെ യോഗത്തിൽ പ്രസംഗിക്കുന്നതിനെ മുഖ്യമന്ത്രി എതിർക്കുന്നില്ല. 26/11 മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ അതു തീവ്രവാദം അല്ലെന്നും ആർ.എസ്.എസിന്റെ ഗൂഢപദ്ധതിയാണെന്നുമാണു കോൺഗ്രസ് അഭിപ്രായപ്പെട്ടത്. തീവ്രവാദികളെയോ തീവ്രവാദബന്ധങ്ങളെയോ ചൂണ്ടിക്കാണിക്കുന്നത് വർഗീയവാദമല്ല. യുവാക്കളെ അത്തരം ആശയധാരയിൽനിന്നു രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.