കൊച്ചി - സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകനും മിതഭാഷിയുമായ ഡൊമനിക് മാര്‍ട്ടിന്റെ ഉള്ളില്‍ യഹോവാ സാക്ഷികളോടുള്ള പക എരിഞ്ഞ് തുടങ്ങിയത് ആറ് വര്‍ഷം മുന്‍പ്. യഹോവ സാക്ഷികളുടെ സഭയോടൊപ്പം ദീര്‍ഘകാലമായി ഉണ്ടായിരുന്ന ഇയാള്‍ ആറ് വര്‍ഷം മുന്‍പ് സഭയുമായി തെറ്റുകയായിരുന്നു. അന്ന് തുടങ്ങിയതാണ് ഉള്ളില്‍ കനലെരിയാന്‍. ശാന്ത സ്വഭാവക്കാരനായ ഡൊമിനിക് മാര്‍ട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയല്‍ക്കാര്‍. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭര്‍ത്താവിന്റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
കൊച്ചി ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍. അഞ്ചര വര്‍ഷമായി തമ്മനത്തെ വാടകവീട്ടിലാണ് താമസം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. മടങ്ങി വന്നതിന് ശേഷം ഏതാനും മാസങ്ങളായി വീട്ടിലുണ്ട്. നീണ്ട വര്‍ഷങ്ങള്‍ യഹോവയുടെ സാക്ഷികള്‍ വിശ്വാസസമൂഹത്തോട് ചേര്‍ന്ന് നടന്നയാള്‍ ആറ് വര്‍ഷം മുന്‍പ് സഭയോട് തെറ്റിപ്പിരിഞ്ഞു. അന്ന് മുതല്‍ ഈ അതൃപ്തി ഭാര്യയോട് നിരന്തരം പറയുമായിരുന്നു. എന്നാല്‍ ഇയാള്‍ ഇത്തരമൊരു ക്രൂര കൃത്യത്തിന് മുതിരുമെന്ന് ആരും കരുതിയില്ല.
ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനിക്കിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.
ഭാര്യയും മകള്‍ക്കൊപ്പമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്ത് താമസിക്കുന്നത്. മകന്‍ യു കെയിലാണ്. കൃത്യമായി വാടക തരുമെന്ന് വീട്ടുടമയും പറയുന്നു. വലിയ സൗഹൃദങ്ങളോ സംസാരമോ ആരോടുമില്ല. വീട്ടില്‍ വരാറുള്ളത് അമ്മയും സഹോദരനും മാത്രം. ഇയാള്‍ ചെയ്ത ക്രൂരതയ്ക്ക് മറ്റാരുടെ എങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതിനെപ്പറ്റി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.