കൊച്ചി - കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം പ്രതിപക്ഷം നിലകൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് സര്‍ക്കാരിനൊപ്പമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ അദ്ദേഹം നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ചില ഭാഗത്തു നിന്ന് ദൗര്‍ഭാഗ്യകരമായ പ്രതികരണം ഉണ്ടായി. എന്താണ് നടന്നത് എന്ന് അറിയും മുന്‍പ് ഒരു നേതാവ് ഫലസ്തീനുമായി ബന്ധപ്പെടുത്തി എന്നും സതീശന്‍ വിമര്‍ശിച്ചു. കളമശ്ശേരി സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ മാര്‍ട്ടിന്‍ മാത്രം ആകില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പറഞ്ഞു. ഭീകരവാദ ബന്ധം ആദ്യം ഉന്നയിച്ചത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണെന്നും സി കൃഷ്ണകുമാര്‍ വിമര്‍ശിച്ചു. അന്വേഷണം എന്‍ ഐ എക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.