മൂന്നാര്‍- മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാലില്‍ ടിസന്‍ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാര്‍ കാറ്ററിംഗ് കോളജ് ഹോസ്റ്റല്‍ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും. അനധികൃതമായി കയ്യേറിയ 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഒഴിപ്പിക്കുന്നത് വന്‍കിടക്കാരുടെ കയ്യേറ്റങ്ങളില്‍ ഒന്നാണ്.
ചിന്നക്കനാലിനുപിന്നാലെ പള്ളിവാസലിലും മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പളളിവാസലില്‍ റോസമ്മ കര്‍ത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെന്റ് സ്ഥലമാണ് ഒഴിപ്പിച്ചത്. പള്ളിവാസലില്‍ റോസമ്മ കര്‍ത്തക്ക് വേറെ വീട് ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. ചിന്നക്കനാലില്‍ സിമന്റ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കര്‍ കൃഷി ഭൂമി ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചിരുന്നു. റവന്യൂ പുറമ്പോക്കും ആനയിറങ്കല്‍ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ് കൃഷി നടത്തിയിരുന്നത്.
താമസിക്കാന്‍ ഷെഡും നിര്‍മ്മിച്ചിരുന്നു. ഒഴിഞ്ഞ പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ ജില്ല കലക്ടര്‍ക്കടക്കം നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്തത്. ഇവര്‍ താമസിച്ചിരുന്ന ഷെഡില്‍ നിന്നും 30 ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പള്ളിവാസല്‍ വില്ലേജില്‍ റോസമ്മ കര്‍ത്ത വര്‍ഷങ്ങളായി കൈവശം വച്ച് വീട് നിര്‍മ്മിച്ച് താമസിച്ചിരുന്ന സ്ഥലമാണ് ഒഴിപ്പിച്ചത്. ഇവര്‍ നല്‍കിയ അപ്പീലും തള്ളിയിരുന്നു. താമസിക്കാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍ വീട് ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുത്തത്. വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ദൗത്യം സംഘം അറിയിച്ചു.