Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഷപ്പിനെതിരായ പരാതി പൂഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് കോളേജില്‍ ജോലി നല്‍കി

കോട്ടയം- ബിഷപ്പ് പീഡന വിവാദത്തില്‍ പുതിയ ആരോപണം. കന്യാസ്ത്രീയുടെ പരാതിയില്‍ ഒരു മാസത്തോളം നടപടിയെടുക്കാതിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് കോളേജ് അധ്യാപികയായി ജോലി നല്‍കിയെന്നാണ് പുതിയ വിവാദം. നേരത്തെ കേസ് ഒതുക്കുന്നതിനായി പലവിധ സമ്മര്‍ദങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സഭാ കോളേജില്‍ ജോലി നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ഈ ഉദ്യോഗസ്ഥനാണ് ആദ്യം ലഭിച്ചത്. ഇക്കാര്യങ്ങള്‍ യഥാസമയം സഭാ നേതൃത്വത്തെ അറിയിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണത്തില്‍ ഇടപെടലുകള്‍ നടത്തിയതായാണ് പരാതി. ഭാര്യയ്ക്ക് ഒരു ജോലി സഭയുടെ കോളേജില്‍ ലക്ഷ്യം വെച്ച ഉദ്യോഗസ്ഥന്‍ അവസരം വിനിയോഗിച്ച് ആരോപണ വിധേയനായ ബിഷപ്പിന്റെ ഉറ്റ സുഹൃത്തായ ബിഷപ്പ് വഴി ജോലി സാധിച്ചെടുത്തുവെന്നാണ് ആരോപണം. ഈ ബിഷപ്പ് കോളേജ് മാനേജ്‌മെന്റിനോട് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ.

കന്യാസ്ത്രീ പരാതി നല്‍കിയ ഉടന്‍ ബിഷപ്പിന് ഈ വിവരം ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കി. കന്യാസ്ത്രീക്കെതിരെയും സഹോദരന്‍ തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതായി പോലീസില്‍ എതിര്‍ പരാതി നല്‍കാന്‍ ഇതിലൂടെ ബിഷപ്പിന് കഴിഞ്ഞു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സഭ ജോലി നല്‍കാന്‍ കാരണമായതായി പറയുന്നത്.
കുറവിലങ്ങാട്ടെ കോളജിലാണ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് പാരിതോഷികമായി ജോലി ലഭിച്ചത്. യോഗ്യതയുളള സഭാംഗങ്ങള്‍ ഉളളപ്പോഴാണ് അന്യ ഇടവകയില്‍നിന്നു വന്ന പോലീസുദ്യോഗസ്ഥന്റെ ഭാര്യക്ക് ജോലി നല്‍കിയത്. ഇത് കുറവിലങ്ങാട് ഇടവകയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇടവകാംഗമായി പുതുതായി ചേര്‍ന്നുവെങ്കിലും ഇടവകയില്‍ അമര്‍ഷം പുകയുകയാണ്.

കേസ് അന്വേഷണം മുറുകിയതോടെ ഈ ഉദ്യോഗസ്ഥന്‍ അവധിയെടുത്ത് മാറി നിന്നു. ഇതിനിടയിലും ഫ്രാങ്കോയ്ക്ക് വേണ്ടി അന്വേഷണത്തിലെ വിവരങ്ങള്‍ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. കന്യാസ്ത്രീയെ സ്വാധീനിച്ച് കേസ് പിന്‍വലിപ്പിക്കുവാനുള്ള നീക്കങ്ങളിലും പങ്കാളിയായി. സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥര്‍ വഴി കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പിയുടെ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു. സഭാ നേതൃത്വത്തിനും ഫ്രാങ്കോയുടെ സംഘത്തിനും വിവരങ്ങള്‍ കൈമാറുന്നതും പതിവായതോടെ ഇയാള്‍ സഭയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

ഇതിനിടയിലാണ് കന്യാസ്ത്രീക്കൊപ്പം ജലന്ധറില്‍ ജോലി ചെയ്ത സിസ്റ്റര്‍ അനുപമയെ സ്വാധീനിക്കാന്‍ സിഎംഐ സഭയിലെ മുതിര്‍ന്ന വൈദികന്‍ എര്‍ത്തയില്‍ ശ്രമിച്ചത്. കുറവിലങ്ങാട് നാടുകാണി കോണ്‍വെന്റില്‍ വൈദികനോടൊപ്പം ഈ പോലീസ് ഉദ്യോഗസ്ഥനും വന്നതില്‍ ദുരൂഹത ഉണ്ടായിരുന്നു. അവധിയെടുത്ത ഈ പോലീസുദ്യോഗസ്ഥന്‍ എന്തിനാണ് കേസില്‍ ഇടപെട്ടതെന്ന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു. എര്‍ത്തയിലിന് ചുമതലയുള്ള കുര്യനാട് ആശ്രമത്തില്‍  ഈ ഉദ്യോഗസ്ഥനെ കണ്ടതോടെ പോലീസ്് ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
 

 

 

 

 

Latest News