കൊണ്ടോട്ടി- മൂന്ന് വര്‍ഷം മുമ്പ് കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളില്‍ ഇനി പരിശോധനക്കെത്താനുളളത് എമിറേറ്റസ് എയര്‍ മാത്രം. 2015 ഏപ്രില്‍ 30 വരെയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലെന്‍സും ജിദ്ദ, റിയാദ് മേഖലകളിലേക്കും എമിറേറ്റസ് എയര്‍ ദുബായിലേക്കും സര്‍വീസ് നടത്തിയിരുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് ഡി.ജി.സി.എ ഉറപ്പ് നല്‍കിയതോടെ എയര്‍ഇന്ത്യയും സൗദി എയര്‍ലൈന്‍സും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സൗദി അനുമതി അറിയിച്ച് സുരക്ഷാ പരിശോധന നേരത്തെ പൂര്‍ത്തിയാക്കി. എയര്‍ഇന്ത്യ സുരക്ഷാ പരിശോധന ആരംഭിക്കുകയും ചെയ്തു. ദുബായിലേക്കുണ്ടായിരുന്ന എമിറേറ്റസ് എയര്‍ ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ഉഭയകക്ഷി കരാര്‍ പ്രകാരമുളള വിമാന സീറ്റ് വിമാന കമ്പനിക്കില്ലാത്തതാണ് എമിറേറ്റ്‌സിന് വിലങ്ങു തടിയായത്.