ആലപ്പുഴ - 2026 ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയകുളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഹരിത കേരള മിഷന് തുടക്കം കുറിച്ചത്. വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുപോയി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും.
വലിയകുളം പരിസരത്ത് നടന്ന ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഭരണസമിതി 2022-23 വാര്‍ഷിക പദ്ധതിയില്‍ 27.45 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. 74 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള വലിയകുളത്തിന്റെ തെക്കു ഭാഗത്തുള്ള ആല്‍മരത്തെ സംരക്ഷിച്ച് ആല്‍ത്തറ നിര്‍മ്മിക്കുകയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായി ഇന്റര്‍ലോക്ക് ടൈല്‍ പാകുകയും ചെയ്തു. വലിയകുളത്തിന്റെ വടക്ക് കിഴക്കേ അതിര്‍ത്തിയില്‍ വെള്ളം ഒഴുകുന്നതിനായി അഞ്ചു മീറ്റര്‍ നീളത്തില്‍ ഓടയും നിര്‍മ്മിച്ചിട്ടുണ്ട്. നാലു ഭാഗത്തായി ബൗണ്ടറി വാള്‍, ഷോ വാള്‍ എന്നിവയുമുണ്ട്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സനൂജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മോഹന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിലാഷ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി പ്രഭാകരന്‍, ജെ. രവീന്ദ്രനാഥ്, റൈഹാനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍. വിജയന്‍ പിള്ള, ആര്‍. രാജി, ഉഷ പുഷ്‌കരന്‍, വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.