Sorry, you need to enable JavaScript to visit this website.

സംസ്ഥാനവ്യാപകമായി കനത്ത പരിശോധന, സുരക്ഷ ശക്തമാക്കി

തൃശൂര്‍ -  കളമശേരി സ്‌ഫോടനത്തിന്റ് പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി കനത്ത സുരക്ഷയൊരുക്കി പോലീസ്. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരക്കുള്ള കവലകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പൊതുപരിപാടികള്‍ എന്നിവിടങ്ങളിലാണു സുരക്ഷാ പരിശോധനകള്‍ നടന്നത്. സ്‌ഫോടനം നടന്നു മിനിട്ടുകള്‍ക്കുള്ളില്‍തന്നെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പൊതുപരിപാടികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നുമായിരുന്നു നിര്‍ദേശം.
റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തിയിരുന്നു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് എടുക്കാതെ പ്ലാറ്റ് ഫോമില്‍ കയറിയവരെയും മറ്റ് അലഞ്ഞുനടക്കുന്നവരെയും പുറത്താക്കി. സംശയം തോന്നിയവരുടെ ബാഗുകളും പരിശോധിച്ചു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലും സമാന രീതിയില്‍ പരിശോധനകള്‍ നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി. രാത്രിയിലും പരിശോധനകള്‍ തുടര്‍ന്നു. ഇന്നും നിരീക്ഷണം ശക്തമാക്കാനാണു തീരുമാനം.
എ.ഡി.ജി.പി ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരുന്നു പരിശോധനകള്‍.  ദേശീയപാത അടക്കമുള്ള റോഡുകളില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.  ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗുജറാത്തുകാരനായ ഒരു മുസ്‌ലിം ചെറുപ്പക്കാരനെ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ പോലീസ് സംശയിച്ച് പിടിച്ചുനിര്‍ത്തി. എന്നാല്‍ പിന്നീട് വിട്ടയച്ചു.

 

 

Latest News