കോഴിക്കോട് - മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഷിദ ജഗത് മൊഴി നല്‍കിയത്. സാക്ഷിമൊഴികള്‍കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. താമരശ്ശേരി ചീഫ് ജുഡഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പിലും പരാതിക്കാരി രഹസ്യമൊഴി നല്‍കും. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പോലീസ് മഹ്‌സര്‍ തയാറാക്കി.
വരും ദിവസങ്ങളില്‍ സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും സുരേഷ് ഗോപിയുടെ അറസ്റ്റിലേക്കു പോലീസ് കടക്കുക. ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയതിന് 354 എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തത്.