Sorry, you need to enable JavaScript to visit this website.

സർവകലാശാലകളുടെ മടി; യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടാനിരിക്കുന്നത് ആയിരക്കണക്കിന് അധ്യാപകർക്ക്

കോഴിക്കോട്-  കേരളത്തിലെ സർവകലാശാലകളുടെ അനാസ്ഥ കാരണം യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടാനിരിക്കുന്നത് ആയിരക്കണക്കിന് അധ്യാപകർക്ക്. പ്രൈവറ്റായി ബിരുദം നേടി അധ്യാപനം ചെയ്യുന്നവരാണ് പ്രതിസന്ധിയിലായത്. സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യണമെന്ന നിബന്ധന യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കർശനമാക്കിയിരിക്കുകയാണ്. ഏതു രൂപത്തിലാണ് ബിരുദം പഠിച്ചത് എന്നത് മന്ത്രാലയത്തിന്റെ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രൈവറ്റ് എന്നു രേഖപ്പെടുത്തുന്നതാണ് അധ്യാപകർക്ക് വിനയായിരിക്കുന്നത്. സെപ്റ്റംബർ 30നകം റെഗുലർ എന്നെഴുതിയ സാക്ഷ്യം ലഭിച്ചില്ലെങ്കിൽ പിരിഞ്ഞുപോകേണ്ടി വരുമെന്നാണ് യുഎഇ വിദ്യാഭ്യാസ മ്രന്താലയം അന്തിമഅറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് അധ്യാപകരുടെ ഭാവി പ്രതിസന്ധിയിലായി. 
ആവശ്യത്തിന് സർക്കാർ കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പ്ലസ്ടുവിനോ പ്രീഡിഗ്രിക്കോ ശേഷം ഈ അധ്യാപകർ പാരലൽ കോളെജ് വഴി ബിരുദമെടുത്തത്. റഗുലറായി ക്ലാസിൽ പോയി, സർവകലാശാല നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, റഗുലർ വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതുന്ന ഇവർക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളും റഗുലറിന് സമാനമാണ്. പ്രൈവറ്റ് എന്ന് എവിടെയും രേഖപ്പെടുത്തുന്നുമില്ല. എന്നാൽ, എംബസി മുഖാന്തരം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകുന്ന വിശ്വാസ്യതാ സർട്ടിഫിക്കറ്റുകളിൽ ചോദ്യത്തിന് ഉത്തരമായി പ്രൈവറ്റ് എന്നു രേഖപ്പെടുത്തുന്നതാണ് ഇപ്പോൾ വിഷയങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത്. എംബസിയെയും യൂണിവേഴ്‌സിറ്റിയെയും മാറിമാറി സമീപിച്ചിട്ടും അനുകൂല നിലപാടുകൾ ഉണ്ടാവുന്നില്ലെന്ന് അധ്യാപകർ പറയുന്നു. സർട്ടിഫിക്കറ്റിൽ റഗുലർ എന്ന് എഴുതി നൽകാനുള്ള നയപരമായ തീരുമാനമാണ് സർക്കാരും യുജിസിയും സർവകലാശാലകളും ചേർന്ന് എടുക്കേണ്ടത്. 
യുഎഇ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി, കോൺസുലേറ്റ് ജനറൽ വിപുൽ, പങ്കജ് ബോഡ്‌കെ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എംപിമാരായ പി.വി അബ്ദുൽ വഹാബ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, പി.കെ ബിജു, ഇന്നസെന്റ്, എം.ബി രാജേഷ് തുടങ്ങിയവരെ നേരിൽക്കണ്ട് അധ്യാപകർ വിഷയം ശ്രദ്ധയിൽപ്പെടുത്തി. പരിഹാരങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ബുധനാഴ്ച കാലിക്കറ്റ് സർവകലാശാലയുടെ മുന്നിൽ ധർണ നടത്തുമെന്ന് അധ്യാപകരായ പി.എൻ മുഹമ്മദ് അഫ്‌സൽ, അജ്‌ന ടി. മുരളീധരൻ നരിക്കുനി, ജിഷാ രാജൻ, കെ.എ നിസാർ തുടങ്ങിയവർ അറിയിച്ചു.

Latest News