Sorry, you need to enable JavaScript to visit this website.

എന്താടോ വാര്യരേ നന്നാവാത്തെ, സന്ദീപ് വാര്യർക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി- കളമശേരി ബോംബ് സ്‌ഫോടനത്തിൽ കേരളത്തിൽ വർഗീയത പരത്താൻ ശ്രമിച്ച ബി.ജെ.പി നേതാവ് സന്ദീപ് വാര്യർക്ക് എതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 

എന്താടോ വാര്യരെ നന്നാവാത്തെ, എന്തോ ഒരു കുത്തിത്തിരുപ്പ് പോസ്റ്റ് മുക്കിയെന്നോ, പേജിൽ കാണാനില്ലന്നോ ഒക്കെ കേട്ടുവെന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. 

കളമശേരിയിൽ ആക്രമിക്കപ്പെട്ട യഹോവ സാക്ഷികളും ജൂതരും ഒരേ ദൈവീക വിശ്വാസത്തെ പിൻപറ്റുന്നവരാണ്. തോറയെ പിന്തുടരുന്നവരാണ്. ഈ ഭീകരാക്രണത്തിന്റെ ഉത്തരവാദികൾ സുരക്ഷാ വീഴ്ച വരുത്തിയ കേരള സർക്കാരും അതോടൊപ്പം ഹമാസ് ഭീകരതയെ ഉളുപ്പില്ലാതെ ന്യായീകരിച്ച സി.പി.എം നേതാക്കളും തന്നെയാണ്. കളമശേരിയിലെ ഭീകരാക്രമണം അപ്രതീക്ഷിതമൊന്നുമല്ല. കുന്തിരിക്കം വാങ്ങിവെച്ചോളാൻ അവർ നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു സന്ദീപ് വാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. 

ബോംബ് സ്‌ഫോടനത്തെ പറ്റി നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവൻഷൻ സ്ഥലത്തെ ബോംബ് സ്‌ഫോടനം അങ്ങേയറ്റം ആശങ്കാജനമാണ്. മനുഷ്യർ കണ്ണുകളടച്ച് പ്രാർത്ഥനാനിരതരായി ആരാധനാലയത്തിൽ ഇരിക്കുമ്പോൾ സ്‌ഫോടനം നടക്കുന്ന വാർത്തയൊക്കെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമെ കേരളത്തിനൊള്ളു. കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിന് നേർക്കുള്ള സ്‌ഫോടനം കൂടിയാണിത്.
സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയം കൂടിയാണിത്. സുരക്ഷജീവനക്കാരുടെ നടുവിൽ വിരാജിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ എവിടെയെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടോയെന്ന് സെൻസ് ചെയ്യുന്ന പോലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്‌ഫോടനം അറിഞ്ഞില്ലായെന്ന് പറഞ്ഞാൽ 'ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത്' എന്ന് ജനം പുശ്ചത്തോടെ ചോദിക്കും. പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങൾക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്. ഡൽഹിയിലെ കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുത്തിരിക്കാതെ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി നാട്ടിൽ തിരിച്ചെത്തണം. കേരളത്തിന്റെ നിലവിലെ സാമൂഹിക സാഹോദര്യത്തിന് കോട്ടം തട്ടുന്ന ഒരു വാക്കും പ്രവർത്തിയും സാമൂഹിക മാധ്യമങ്ങളിലും പുറത്തും ആരുടെ ഭാഗത്ത് നിന്നുമുണ്ടാകാതിരിക്കാനുള്ള പൗരധർമ്മം എല്ലാവരിൽ നിന്നുമുണ്ടാകണം.
ഊഹാപോഹങ്ങളുടെ വക്താക്കളാകാതെ എല്ലാവരും ശ്രദ്ധിക്കണം. നാം ഒന്നിച്ച് ഈ ഭീതിജനക നിമിഷത്തെ അതിജീവിക്കും, ഒറ്റക്കെട്ടായി
 

Latest News