കൊച്ചി- കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷികളിൽ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആർ.ഒ ശ്രീകുമാർ. ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് പ്രാദേശിക സഭകളിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
താനാണ് സ്‌ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഡൊമിനിക് മാർട്ടിൻ എന്നയാൾ തൃശ്ശൂർ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാൾ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോയും പുറത്തുവിട്ടിരുന്നു.
ശ്രീകുമാറിന്റെ വാക്കുകൾ:
ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാൾ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരോട് സംസാരിച്ചപ്പോൾ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളിൽ ഇങ്ങനെയൊരാൾ അംഗമല്ല. ഒരുപക്ഷേ, അയാൾ വർഷങ്ങൾക്ക് മുൻപ് ബൈബിൾ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവർഷം മുമ്പ് ഇങ്ങനെ പേരുള്ളയാൾ ബൈബിൾ പഠിക്കാൻ വന്നിരുന്നതായി പ്രാദേശികസഭയിൽനിന്ന് വിവരമുണ്ട്. ചില യോഗങ്ങൾക്ക് അയാൾ വന്നിരുന്നു. പിന്നീട് അയാൾ പഠനം നിർത്തി. എന്നാൽ ഇയാൾ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല.