അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നത്. പല നവീകരണങ്ങൾക്കു ശേഷം 1931-ലാണ് യഹോവ സാക്ഷികൾ എന്ന പേര് സ്വീകരിച്ചത്. ഇവർ കേരളത്തിൽ 1905-ൽ തന്നെ എത്തിയെങ്കിലും 1950കളിലാണ് സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ 'യഹോവാ സാക്ഷികൾ' എന്നാണ് വിളിക്കപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി ടി റസ്സൽ 1912ൽ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സൽപുരം എന്ന പേരിൽ അറിയപ്പെടുന്നു.
മുഖ്യധാരാ ക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും സഹസ്രാബ്ദവാഴ്ച്ചക്കാരും അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമായാണ് ഇവരെ പരിഗണിക്കുന്നത്. ലോകവ്യാപകമായി ഏതാണ്ട് 240 രാജ്യങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്‌നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.
ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.
മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകൾ. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്‌കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നും വിശ്വസിക്കുന്നു.
ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാൾ' എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല. യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രിയയും സ്വീകരിക്കും.
വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. ഇവരുടെ പ്രവർത്തകർ 'പ്രചാരകർ' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് 2022ലെ കണക്ക് അനുസരിച്ച് 1,066 ഭാഷകളിൽ ലഭ്യമാണ്.
രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കണം. ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്‌കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. നാസി ജർമനിയിലും മുൻ സോവിയറ്റ് ഭരണത്തിൻ കീഴിലും ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താൽ ആയിരകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ നേരിട്ട് വധിക്കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.