കൊച്ചി - കളമശ്ശേരിയിലുണ്ടായത് ഐ.ഇ.ഡി സ്‌ഫോടനമാണെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ എന്താണ് ഐ.ഇ.ഡി (Improvised Explosive Device) സ്‌ഫോടനമെന്നാണ് പലരുടെയും ചോദ്യം. തത്ക്ഷണം തയ്യാറാക്കപ്പെട്ട സ്‌ഫോടക ഉപകരണമാണിത്. ഇതിനു റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട്.
പരമ്പരാഗതമായ യുദ്ധ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ഉപയോഗം. ഐ.ഇ.ഡികൾ കൂടുതലും തീവ്രവാദികളാണ് ഉപയോഗിക്കുന്നത്. ഒളിപ്പോരിലും കമാൻഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്. തമിഴ് പുലികൾ ശ്രീലങ്കൻ സൈന്യത്തിന് നേരെ വ്യാപകമായി ഐ.ഇ.ഡികളാണ് ഉപയോഗിച്ചിരുന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന കളമശ്ശേരിയിലെ സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്. മൂന്നു ദിവസമായി ഇവിടെ പരിപാടി നടന്നുവരികയാണ്. ഇന്നത്തെ പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനകം തന്നെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിക്കു പിന്നാലെ തുടർ സ്‌ഫോടനങ്ങളുണ്ടായെന്നാണ് പറയുന്നത്. രണ്ടായിരത്തിലധികം പേർ ആ സമയം ഹാളിലുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻ.ഐ.എയും ഭീകര വിരുദ്ധസേനയുമെല്ലാം സ്ഥലത്തെത്തി വിദഗ്ധ പരിശോധനയിലാണ്.