കൊച്ചി - കളമശ്ശേരിയിലുണ്ടായത് ഐ.ഇ.ഡി സ്‌ഫോടനമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹേബ്. അന്വേഷണത്തിന് പ്രത്യേക ടീമിനെ ഇന്ന് നിയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാവരും സമാധാനം പുലർത്തണമെന്നും സമൂഹമാധ്യമങ്ങൾ വഴി തെറ്റായതോ പ്രകോപനപരമായതോ ആയ പോസ്റ്റുകൾ പാടില്ല. ഇത്തരത്തിൽ പ്രകോപന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കൺെവൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൂന്നു ദിവസമായി ഇവിടെ പരിപാടി നടന്നുവരികയാണ്. ഇന്നത്തെ പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനകം തന്നെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യം ഒരു പൊട്ടിത്തെറിക്കു പിന്നാലെ തുടർ സ്‌ഫോടനങ്ങളുണ്ടായെന്നാണ് പറയുന്നത്. രണ്ടായിരത്തിലധികം പേർ ആസമയം ഹാളിലുണ്ടായിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻ.ഐ.എയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.