തളിപ്പറമ്പ്- യുവതിക്കു നേരെ നടന്ന ആസിഡ് അക്രമണക്കേസില്‍ പ്രതിയായ കോളേജ് ലാബ് ജീവനക്കാരന്‍ ജീവനൊടുക്കി. സര്‍സയ്യിദ് കോളേജ് ജീവനക്കാരനായിരുന്ന മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌കര്‍ ആണ് ആത്മഹത്യ ചെയ്തത്. തളിപറമ്പ് ബസ്സ്റ്റാന്‍ഡില്‍ കോടതി ജീവനക്കാരിയായ യുവതിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായിരുന്നു 52 കാരനായ അഷ്‌കര്‍.
ശനിയാഴ്ച്ച രാത്രി വീട്ടില്‍ കഴുത്ത് മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരിച്ചു. കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ച് മണിയെടോയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. ദേഹത്താകമാനം പൊള്ളലേറ്റ സാഹിദ ഏറെക്കാലം ചികിത്സയിലായിരുന്നു.
നേരത്തെ വാടകവീട്ടില്‍ ഒന്നിച്ചു താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് കലഹമുണ്ടായത്. സാഹിദ വീണ്ടും പഴയഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം വൈകുന്നേരം കുപ്പിയില്‍ ആസിഡ് കൊണ്ടുവന്നു തളിപറമ്പ് ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്നും സാഹിദയുടെ ദേഹത്ത് ഒഴിക്കുന്നതിനിടെ ചില യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു.
ഏറെക്കാലം ഗള്‍ഫിലായിരുന്ന അഷ്‌ക്കര്‍ നാട്ടിലെത്തിയതിനു ശേഷമാണ് തളിപറമ്പ് സര്‍സയ്യിദ് കോളേജില്‍ ലാബ് അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ചില വ്യവഹാരങ്ങളുടെ ആവശ്യത്തിനായി പോയിരുന്ന ഇയാളും കോടതി ജീവനക്കാരിയുമായ സാഹിദയും തമ്മില്‍ അടുക്കുകയായിരുന്നു.
ഇരുവരും കുടുംബങ്ങളില്‍ നിന്നും അകന്നു ഒരുമിച്ചു ജീവിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തികതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും അകന്നു. സാഹിദയ്ക്കായി അഷ്‌കര്‍വിവിധ ബാങ്കുകളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തു നല്‍കിയതായും ഇവര്‍ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും അഷ്‌കര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.
അഷ്‌കറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.