കണ്ണൂർ- ഹോളിവുഡ് താരം സണ്ണി ലിയോൺ കണ്ണൂരിൽ എത്തുന്നു. സെപ്റ്റംബർ എട്ടിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡാൻസ് ഫ്യൂഷൻ ബിനാലേയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ എത്തുന്നത്. കണ്ണൂരിൽ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ദേശീയവും അന്തർദേശീയവുമായ നൃത്ത കലാ രൂപങ്ങളും പ്രഗൽഭ സംഗീത കലാകാരന്മാരുടെ ഫ്യൂഷനും ചേർന്ന് ഒരുക്കുന്ന നൃത്ത ബിനാലേയിൽ മുഖ്യ നർത്തകിയായാണ് സണ്ണി ലിയോൺ പങ്കെടുക്കുക. എം.ജെ ഫൗണ്ടേഷൻ ബംഗലൂരുവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്റ്റേജ് ഷോകളുട ക്രിയേറ്റീവ് ഡയറക്ടറായ സുജിത് ഓഷ്മയാണ് നൃത്ത ബിനാലേയുടെ ഡയറക്ടർ. ഷിയാസ് പെരുമ്പാവൂർ, മനോജ് മയ്യന്നൂർ (ബഹ്‌റൈൻ) എന്നിവർ പരിപാടിയുടെ മുഖ്യ കോർഡിനേറ്റർമാരാണ്.
സണ്ണി ലിയോണിനു പുറമെ, തെന്നിന്ത്യയിലെ പ്രമുഖ സിനിമാ താരങ്ങളും നർത്തകികളും ഗായികമാരും പരിപാടിയിൽ പങ്കെടുക്കും. മൂന്നു മണിക്കൂർ തുടർച്ചയായുള്ള പരിപാടിയാവും സംഘടിപ്പിക്കുക. പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. പ്രൊഗ്രാം ഡയറക്ടർ സുജിത്ത് ഓഷ്മ, ചീഫ് കോർഡിനേറ്റർ ഷിയാസ് പെരുമ്പാവൂർ, നൗഷാദ് ബക്കർ, സുബൈർ പയ്യന്നൂർ, അജിത് കുമാർ എ.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.