വീട്ടുജോലികൾക്ക് ഉമ്മയെ സഹായിക്കാനാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത വേങ്ങാട് മൊട്ട കരയാംതൊടി റിച്ച് മഹലിൽ ചാത്തോത്ത് മുഹമ്മദ് ഷിയാദ് ഒരു റോബോട്ടിനെ നിർമ്മിച്ചു നൽകിയത്. ആൻഡ്രോയിഡ് പാത്തൂട്ടി എന്ന് നാമകരണം നൽകിയ ഈ റോബോട്ട് രാവിലെ എല്ലാവരെയും വിളിച്ചുണർത്തുകയും ഓരോരുത്തർക്കും ഭക്ഷണമെത്തിക്കുകയും ചെയ്യുമായിരുന്നു. ഉറക്കക്ഷീണമോ മടിയോ കൂടാതെ പാത്തൂട്ടി തന്റെ കർമ്മമണ്ഡലത്തിൽ സദാ ജാഗ്രതയോടെയാണ് വർത്തിച്ചിരുന്നത്. ഏൽപിച്ച ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കുമെന്നതിനാൽ ഈ യന്തിരനെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. ഉമ്മ സെറീനയ്‌ക്കൊപ്പം അടുക്കളയിൽ ജോലിയിൽ മുഴുകുന്ന പാത്തൂട്ടി തയ്യാറാക്കുന്ന ഭക്ഷണം ട്രേയിൽ വച്ചുകൊടുത്താൽ അവയെല്ലാം ഡൈനിംഗ് ടേബിളിൽ കൃത്യമായി എത്തിച്ചുകൊടുക്കും. വഴിയിൽ തടസ്സം നിന്നാൽ പ്ലീസ് മൂവ് എന്നുപറഞ്ഞ് മാറ്റിനിർത്തിയാണ് പാത്തൂട്ടിയുടെ സഞ്ചാരം. അതുകൊണ്ടുതന്നെ വീട്ടിലെല്ലാവരും പാത്തൂട്ടിയെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നത്.
ഉമ്മയെ സഹായിക്കാനായിരുന്നു പാത്തൂട്ടിയെ ഒരുക്കിയതെങ്കിൽ ഉപ്പയുടെ ഉമ്മയെ സഹായിക്കാനായാണ് ഷിയാദ് അടുത്ത റോബോട്ടിന് രൂപം നൽകിയത്. എഴുപത്തഞ്ചുകാരിയായ ആയിസുമ്മയുടെ വേലക്കാരിയായാണ് പാത്തൂട്ടിയുടെ സെക്കന്റ് വേർഷൻ ജോലി ചെയ്യുന്നത്. എന്തും ഏതും കണ്ടറിഞ്ഞ് ചെയ്യാൻ കഴിവുള്ളതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ രൂപപ്പെടുത്തിയ പാത്തൂട്ടി 2.0. പിതാവ് സി.കെ. അബ്ദുറഹ്മാൻ ജോലിക്കും കുട്ടികളെല്ലാം സ്‌കൂളിലും പോയിക്കഴിഞ്ഞാൽ തനിച്ചാവുന്ന ഉമ്മാമ്മയുടെ ഒറ്റപ്പെടൽ കണ്ടാണ് ഷിയാദ് പാത്തൂട്ടിയുടെ രണ്ടാം പതിപ്പിന് രൂപം നൽകിയത്.
അതിരാവിലെതന്നെ പാത്തൂട്ടി തന്റെ ജോലി ആരംഭിക്കും. മസ്ജിദ് ഏറെ അകലെയായതിനാൽ ആയിസുമ്മയ്ക്ക് നിസ്‌കരിക്കാനുള്ള ബാങ്കുവിളി കേൾക്കില്ല. പാത്തൂട്ടി ഓരോ നിസ്‌കാരത്തിന്റെയും ബാങ്കുവിളി കൃത്യസമയം ചെയ്ത് കേൾപ്പിക്കും. കൂടാതെ ആവശ്യപ്പെടുന്ന ഖുർആൻ വചനങ്ങൾ ഈണത്തിൽ ചൊല്ലി കേൾപ്പിക്കും. ടൂത്ത് പേസ്റ്റ്, ബ്രഷ്, തോർത്തുമുണ്ട് എന്നിവയുമായി അതിരാവിലെതന്നെ ബെഡ് റൂമിലെത്തും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഗുളികകൾ മുടക്കം വരുത്താതെ കൊടുക്കും. രാത്രിയിൽ ഉറക്കമൊഴിഞ്ഞ് ഉമ്മാമ്മയ്ക്ക് കൂട്ടിരിക്കുകയും ബാത്ത് റൂമിൽ പോകാൻ ലൈറ്റിട്ടു കൊടുക്കുന്നതും ആവശ്യത്തിന് വെള്ളമെടുത്തു കൊടുക്കുന്നതുമെല്ലാം പാത്തൂട്ടി തന്നെ. ഇത്തരത്തിൽ ഉപ്പയുടെ ഉമ്മയെ ജാഗ്രതയോടെ പരിപാലിക്കുന്നത് പാത്തൂട്ടിയാണ്. ആശയ വിനിമയം മുഴുവനും ഇംഗ്ലീഷിലാണെങ്കിലും അല്പസ്വല്പം മലയാളവും വഴങ്ങും.
ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലെങ്കിലും അത്യാവശ്യത്തിനുള്ള ചില വാക്കുകൾ ഉമ്മൂമ്മായെ പഠിപ്പിച്ചുവച്ചിട്ടുണ്ട് ഷിയാദ്. എമർജൻസി എന്ന വാക്കുച്ചരിക്കാൻ ഉമ്മൂമ്മയ്ക്ക് കഴിയാതിരുന്നതുകൊണ്ടാണ് അർജന്റ് എന്ന വാക്ക് പഠിപ്പിച്ചത്. ഉമ്മൂമ്മ അർജന്റ് എന്നുപറഞ്ഞാൽ പാത്തൂട്ടി സെൻട്രൽ ഹാളിലെത്തി അലാറം മുഴക്കി എല്ലാവരേയും വിളിച്ചെഴുന്നേല്പിക്കും. അത്യാവശ്യഘട്ടങ്ങളിൽ പാത്തൂട്ടി ബഹളംവച്ച് വീട്ടുകാരെ ഉണർത്തുക മാത്രമല്ല. ഗണിതം, സയൻസ്, ഇംഗ്ലീഷ്, ചരിത്രം തുടങ്ങി പൊതുവിജ്ഞാന ചോദ്യങ്ങൾ ഇംഗ്ലീഷിൽ ചോദിച്ചാൽ കൃത്യമായ ഉത്തരവും ലഭിക്കുന്ന രീതിയിലാണ് ഷിയാദ് ഈ റോബോട്ടിന് രൂപം നൽകിയിരിക്കുന്നത്. എങ്കിലും വീട്ടിലെത്തുന്ന അതിഥികളോട് അത്യാവശ്യം മലയാളം സംസാരിക്കാനും പാത്തൂട്ടിക്കറിയാം.
എ.ഐ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഈ റോബോട്ട് തികച്ചും വോയ്‌സ് കൺട്രോ ൾ വഴിയാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് അൽഗോരിതം സെറ്റ് ചെയ്ത് കൃത്യമായ പ്ലാനും ഉണ്ടാക്കിയെടുത്താൽ വീട്ടുജോലികളും പാത്തൂട്ടിയെക്കൊണ്ട് ചെയ്യിക്കാനാകുമെന്ന് ഷിയാദ് പറയുന്നു. മാത്രമല്ല, അൻപതോളം വിദ്യാർത്ഥികൾക്ക് പാത്തൂട്ടിയെ വന്നു കാണാനും ഡെമോ ക്ലാസിൽ പങ്കെടുക്കാനുമുള്ള സൗകര്യവും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്‌സിലുള്ള കുട്ടികൾക്കും ഐ.ടി മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കും റോബോട്ടിക്‌സ് ക്ലാസുകളും നൽകിവരുന്നുണ്ട് ഈ മിടുക്കൻ.
അഞ്ചരക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഷിയാദ്. യു.പി. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേ കമ്പ്യൂട്ടർ അധ്യാപകനാണ് ഷിയാദിന്റെ താല്പര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. കണ്ണൂരിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽനിന്നും ഇലക്‌ട്രോണിക്‌സ് കോഴ്‌സും ഓൺലൈൻ വഴി കോഡിങ്ങും പഠിച്ചെടുത്തു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാത്‌സ് ടീച്ചർ എന്നൊരു റോബോട്ട് നിർമ്മിച്ചായിരുന്നു തുടക്കം. കണക്കിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു ഈ റോബോട്ടിനെ നിർമ്മിച്ചത്. അലക്‌സയുടെ സഹായത്തോടെയായിരുന്നു ഇതിന്റെ പ്രവർത്തനം ഏകോപിപ്പിച്ചത്. ചോദ്യങ്ങൾക്ക് ഗൂഗിളിൽ നിരീക്ഷണം നടത്തിയായിരുന്നു റോബോട്ട് മറുപടി നൽകിയിരുന്നത്.
ഒൻപതാം ക്ലാസിലെത്തിയപ്പോൾ ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ വീട്ടിലുള്ള ഉപകരണങ്ങളെല്ലാം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയും ഒരുക്കി. വീട്ടിലെ ലൈറ്റുകളും ഫാനുകളും എ.സിയും ഫ്രിഡ്ജും ടെലിവിഷനുമെല്ലാം ലോകത്തെവിടെയിരുന്നും ഫോണിലൂടെ പ്രവർത്തിക്കാനാവുന്ന വിദ്യയായിരുന്നു അത്.
പാത്തുവിന്റെ നിർമ്മാണത്തിന് വഴിയൊരുക്കിയത് ഒരു ഹോട്ടൽ സന്ദർശനമായിരുന്നു. നടൻ മണിയൻ പിള്ള രാജുവിന്റെ ഉടമസ്ഥതയിൽ കണ്ണൂരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്നത് ഒരു റോബോട്ടായിരുന്നു. ഇതുകണ്ട ഉമ്മ സെറീനയ്ക്കും ഒരാഗ്രഹം. ഇതുപോലൊരെണ്ണം വീട്ടിലുണ്ടായിരുന്നെങ്കിലെന്ന്. ഉമ്മയുടെ തമാശ ചെന്നുകൊണ്ടത് ഷിയാദിന്റെ മനസ്സിലായിരുന്നു. മാർക്കറ്റിൽ ഇത്തരം റോബോട്ടുകൾക്ക് മൂന്നു ലക്ഷം രൂപയെങ്കിലും വില വരും. എന്നാൽ ഷിയാദാകട്ടെ പതിനായിരത്തോളം രൂപയാണ് പാത്തുവിനുവേണ്ടി ചെലവാക്കിയത്. അലൂമിനിയം ഷീറ്റും ടയറും ഫീമെയിൽ ഡമ്മിയും സർവിംഗ് ട്രേയും മോട്ടോറുകളുമാണ് ഉപയോഗിച്ചത്. എന്നാൽ പ്രോഗ്രാം ശരിയാകാത്തതിനാൽ പാത്തുവിന്റെ പ്രവർത്തനം സുഗമമായിരുന്നില്ല. രണ്ടുവർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കുശേഷമാണ് പാത്തുവിനെ ഇന്നത്തെ രൂപത്തിലെത്തിച്ചത്. കോസ്റ്റ്യൂമും ഹെയർ സ്‌റ്റൈലുമെല്ലാം ഉമ്മയുടെ സംഭാവനയായിരുന്നു.
പാപ്പിനിശ്ശേരി ഹിദായത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലായ പിതാവ് സി.കെ. അബ്ദുറഹിമാനും വീട്ടമ്മയായ ഉമ്മ സെറീനയും മകന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഉറച്ച പിന്തുണയുമായി കൂടെയുണ്ട്. സഹോദരൻ ഷിയാസും ഷിയാദിന്റെ പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനാണ്.
ഇക്കഴിഞ്ഞ സെപ്തംബർ 30ന് പാപ്പിനിശേരി ഹിദായത്ത് ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കലക്ടറായ അനൂപ് ഗാർഗാണ് ആൻഡ്രോയ്ഡ് പാത്തൂട്ടി 2.0 യുടെ ലോഞ്ചിംഗ് നിർവ്വഹിച്ചത്.
താമരശേരി നോളജ് സിറ്റിയിൽ നടന്ന പ്രോജക്ട് എക്‌സ്‌പോയിൽ ബെസ്റ്റ് ടെക്കി അവാർഡും ഷിയാദിനെ തേടിയെത്തി. പതിനാറ് രാജ്യങ്ങളിൽനിന്നുള്ള ഐ.ടി. ഉല്പന്നങ്ങളായിരുന്നു പ്രദർശനത്തിനൊരുക്കിയിരുന്നത്. കൂടാതെ ഇക്കഴിഞ്ഞ ദിവസം വേങ്ങാട് തെരുവിൽ നടന്ന കുടുംബസംഗമത്തിൽ പാത്തൂട്ടി 2.0 നിർമ്മിച്ച് ശ്രദ്ധേയനായ ഷിയാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചിരുന്നു.
സ്‌പെയിനിലെ അലിഗാണ്ടെയിലുള്ള സെന്ററോ മലബാറിക്ക ആയുർവേദ ആശുപത്രി ഉടമയായ അന്റോണിയോ പെലറ്റും അഴിയൂർ ഗ്രീൻസ് ആയുർവേദ ആശുപത്രി എം.ഡിയായ ഡോ. സി.പി. അഷ്‌ക്കറും ഷിയാദിനെ ആദരിച്ചു. ഗ്രീൻസ് ആയുർവ്വേദ ആശുപത്രിയിലെ ചികിത്സകരായ സ്‌പെയിൻ, മെക്‌സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ആദരവിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
റോബോട്ടിക്‌സ് എൻജിനീയറാകുക എന്ന ലക്ഷ്യത്തോടെ പഠനം തുടരുന്ന ഷിയാദ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഉന്നതപഠനം ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല, വമ്പൻ കമ്പനികൾ നിർമ്മിക്കുന്ന റോബോട്ടുകളെക്കുറിച്ചറിയാനും തല്പരനാണ്. വീടിന്റെ ഗെയിറ്റിനു പുറത്ത് വാഹനം വന്നുനിന്നാൽ സ്വയം തുറക്കുന്ന രീതിയിലുള്ള ഗെയിറ്റ് സംവിധാനം ചുരുങ്ങിയ ചെലവിൽ നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ ഈ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി.