കൊച്ചി-കെ ആര്‍ ഗൗരിയമ്മയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് വി എസ് അച്യുതാനന്ദന്‍ ആണെന്ന് പ്രൊഫസര്‍ എംകെ സാനു. ഗൗരിയമ്മയ്ക്ക് അര്‍ഹിക്കുന്ന അംഗാകാരം കിട്ടിയിരുന്നില്ല. ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദം നിഷേധിക്കുന്നതിന് കാരണക്കാരന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ആണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണ്. ഇഎംഎസ് അല്ല ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും, ഗൗരിയമ്മയുമായുള്ള അടുപ്പം വെച്ച് താനും ഗൗരിയമ്മയ്ക്കു വേണ്ടി ലോബിയിങ് നടത്തിയിരുന്നു.
എന്നാല്‍ അച്യുതാനന്ദന്‍ മിണ്ടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതിനാല്‍ ആ വാക്ക് പറയാന്‍ പറ്റില്ലെന്നും അന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഒ ഭരതന്‍ അറിയിച്ചു. 1987 ലാണത്. ഗൗരിയമ്മയ്ക്ക് വളരെ ദേഷ്യമുണ്ടായിരുന്നു. അവര് പട്ടികളാണെന്നും സമയം കഴിഞ്ഞപ്പോള്‍ എന്നെ വേണ്ട എന്ന് ഗൗരിയമ്മ വളരെ ദേഷ്യത്തോടെ പറഞ്ഞു. അവിടെ നിന്നും രോഷത്തോടെ ഗൗരിയമ്മ പോയി. പക്ഷെ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദവി ലഭിക്കാത്തതില്‍ കുറ്റം മുഴുവന്‍ ഇഎംഎസിനെയും നായനാരെയുമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇഎംഎസ് നിര്‍ബന്ധിച്ചിട്ടാണ് 1987ല്‍ നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് പുരോഗമന കലാസാഹിത്യ സംഘത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടു മുമ്പത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.
ഈ സാഹചര്യത്തില്‍ സാംസ്‌കാരിക രംഗത്തു നിന്നുള്ളവരെക്കൂടി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് സിപിഎം തീരുമാനിച്ചു. എന്നാല്‍ മത്സരത്തിനില്ലെന്നാണ് താന്‍ പാര്‍ട്ടിയെ അറിയിച്ചത്. മക്കളും ചികിത്സിക്കുന്ന ഡോക്ടറും മത്സരിക്കുന്നതിനെ എതിര്‍ത്തു. എന്നാല്‍ പിന്നീട് താന്‍ മത്സരിക്കുന്നതായി മതിലില്‍ ബോര്‍ഡ് എഴുതിയത് കണ്ടു. ഇഎംഎസ് വിളിച്ച് പ്രസ്ഥാനത്തിന് ദോഷം ആകരുതേ എന്ന് പറഞ്ഞു. സാനു മാഷ് ഓര്‍മ്മിച്ചു. അയ്യപ്പപ്പണിക്കരും എം ഗോവിന്ദനും മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അനുകൂല പ്രസ്താവന ഇറക്കിയപ്പോള്‍ ഗോവിന്ദന്‍ ഒപ്പുവെച്ചിരുന്നു. എറണാകുളത്ത് ഇടതു സ്ഥാനാര്‍ത്ഥി ആദ്യമായി ജയിക്കുന്നത് ഞാനാണ്. ഇടതുപക്ഷത്ത് പ്രവേശനമില്ലാത്ത സ്ഥലത്തും പ്രവേശിക്കാന്‍ കഴിയുന്ന ഒരാളായി എനിക്ക് തോന്നി. അതും വിജയത്തിന് കാരണമായതായി എംകെ സാനു പറയുന്നു. ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രവുമായുള്ള അഭിമുഖത്തിലാണ് സാനുവിന്റെ വെളിപ്പെടുത്തല്‍.