കൽപറ്റ-വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ ബദൽ പാതയുടെ കാര്യത്തിൽ സംസ്ഥാന വനം വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ പൂഴിത്തോട്-പടിഞ്ഞാറത്തറ, തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട് ബദൽ പാത സംബന്ധിച്ച ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജന താത്പര്യത്തിന് വനം വകുപ്പ് എതിരല്ല. പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച ചെയ്യും. കേന്ദ്ര വനം മന്ത്രാലയത്തിൽനിന്നു അനുമതി ലഭ്യമാക്കുകയാണ് പ്രധാനം. ബദൽ പാതയുടെ പ്രാധാന്യത്തിൽ തർക്കമില്ല. പടിഞ്ഞാറത്തറ-പൂഴിത്തോട്, തളിപ്പുഴ-ചിപ്പിലിത്തോട് റോഡുകളുടെ കാര്യത്തിൽ പൊതുജനാഭിപ്രായം സംരക്ഷിക്കുന്ന നിലപാട് വനം വകുപ്പ് സ്വീകരിക്കും. ചുരം റോഡ് നവീകരണ പ്രവൃത്തികൾക്ക് വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. താമരശേരി ചുരം വളവുകൾ നിവർത്തുന്നതിന് മുമ്പ് അനുമതി നൽകിയ പ്രവൃത്തികൾക്ക് വേഗം കൂട്ടണം. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. അമിതഭാരം കയറ്റിവരുന്ന വലിയ വാഹനങ്ങൾക്ക് ചുരത്തിൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിശോധിക്കും. കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ ഇക്കാര്യത്തിൽ രൂപരേഖയുണ്ടാക്കണം. അടിവാരത്തും ലക്കിടിയിലും പോലീസ് സഹായം ഉറപ്പാക്കും. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന യാത്രക്കാർക്ക് സഹായകമാകുന്ന ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കാൻ നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ, വനം ചീഫ് കൺസർവേറ്റർ കെ.എസ്.ദീപ, ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേറ്റർ വിജയാനന്ദ്, വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ മുഹമ്മദ് ഷബാബ്, ജില്ലാ കലക്ടർ ഡോ.രേണുരാജ്, എ.ഡി.എം എൻ.ഐ.ഷാജു, സബ്കളലക്ടർ ആർ.ശ്രീക്ഷ്മി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.